സ്കൂട്ടർ യാത്രിക ലോറി തട്ടി മരിക്കാനിടയായ സംഭവം : കെഎംആർഎൽ അധികൃതരുടേത് അനങ്ങാപ്പാറ നയമെന്ന് വ്യാപാരികൾ
1543239
Thursday, April 17, 2025 3:53 AM IST
ഫുട്പാത്തുകളിലൂടെ ഇരുചക്ര വാഹനങ്ങൾ ചീറിപ്പായുന്നത് നിത്യസംഭവം
കോൺക്രീറ്റു പില്ലറുകൾ സ്ഥാപിക്കുമെന്ന് മെട്രോ റെയിൽ അധികൃതർ
കാക്കനാട്: ഇന്നലെ ചെമ്പുമുക്കിൽ സ്കൂട്ടർ യാത്രിക ടാങ്കർലോറി മുട്ടി മരിക്കാനിടയായ സംഭവത്തിൽ മെട്രോ റെയിൽ അധികൃതരുടേത് കനത്ത അനാസ്ഥയെന്ന് ഡിവിഷൻ കൗൺസിലർ കെ.എക്സ്. സൈമൺ. ഫുട്പാത്തുകളിൽ കോൺക്രീറ്റു സ്റ്റോപ് പില്ലറുകൾ സ്ഥാപിക്കണമെന്ന് മൂന്ന് മാസം മുൻപ് തന്നെ മെട്രോറെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ഡിക്സൺ പറഞ്ഞു.
മെട്രോ റയിൽ രണ്ടാംഘട്ട നിർമാണം മൂലം ആലിൻ ചുവടു മുതൽ കാക്കനാട് കുന്നുംപുറം വരെ രാവിലെയും വൈകുന്നേരങ്ങളിലും കനത്ത ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. തിരക്ക് ഒഴിവാക്കാൻ ഇരു ചക്രവാഹന യാത്രക്കാർ ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്നത് നിത്യകാഴ്ചയാണ്. അപകടത്തിൽപെട്ട സ്കൂട്ടർ യാത്രികരും ഫുട്പാത്തിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കച്ചവട സ്ഥാപനങ്ങൾക്കു മുന്നിലുള്ള ഫുട്പാത്തിലൂടെ അതിവേഗം ഇരുചക്ര വാഹനങ്ങൾ ചീറി പാഞ്ഞുവരുന്നത് പലപ്പോഴും അപകടകാരണമായിട്ടുണ്ട്.
അതേസമയം ഫുട്പാത്തിൽ കോൺക്രീറ്റു പില്ലറുകൾ സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന അഭിപ്രായമാണ് വ്യാപാരികൾക്കുള്ളത് തൃക്കാക്കര നഗരസഭാ ഡിവിഷൻ കൗൺസിലർ കെ.എക്സ്. സൈമൺ കെഎംആർഎൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ എത്രയും വേഗം കോൺക്രീറ്റു പില്ലറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു.