യുപിഐ ആപ്പ് വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് : ഉടൻ ജില്ലയിലും
1543260
Thursday, April 17, 2025 4:13 AM IST
കൊച്ചി: യുപിഐ ആപ്പ് മുഖേന കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റെടുക്കുന്ന സംവിധാനം വൈകാതെ ജില്ലയിലെത്തും. നിലവില്‍ തൃശൂരില്‍ പുതിയ സംവിധാനത്തിന്റെ പരീക്ഷണം നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജില്ലയിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരത്ത് പൈലറ്റ് പദ്ധതിയായി ആരംഭിച്ച സംവിധാനം പിന്നീട് കൊല്ലത്തേക്കും വ്യാപിപ്പിച്ചിരുന്നു.
ക്യുആര്‍ കോഡ് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീന് സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കിയാണ് പദ്ധതി. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് കാശ് നല്‍കാം. ഡെബിറ്റ് കാര്‍ഡ് സൗകര്യവും ഉണ്ടാകും. ഇന്റര്‍നെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളില്‍ ഓഫ്ലൈനായും ക്യുആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാനാകും.
കെഎസ്ആര്‍ടിസി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്പനി തന്നെയാകും ടിക്കറ്റ് മെഷീനുകള്‍ ലഭ്യമാക്കുന്നത്.
നിലവിലുള്ള ടിക്കറ്റ് സംവിധാനവും ഇതിനൊപ്പം ഉണ്ടാകും. ബസില്‍ ജിപിഎസ് സംവിധാനമുള്ളതിനാല്‍ സര്‍വീസിന്റെ കൃത്യത, എവിടെ എത്തി തുടങ്ങിയ വിവരങ്ങള്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്തെ കണ്ട്രോള് റൂമിന് നിരീക്ഷിക്കാനാകും. മറ്റ് ഇടങ്ങളിലെപ്പോലെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി വ്യാപകമാക്കാനാണ് നീക്കം.