നേര്യമംഗലത്ത് മിനിഅഗ്നിരക്ഷാ നിലയം ചുവപ്പു നാടയിൽ
1543554
Friday, April 18, 2025 4:27 AM IST
കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നിരക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ചുവപ്പു നാടയിൽ. ആറ് വർഷത്തിലേറെയായി പ്രഖ്യാപനങ്ങളല്ലാതെ യാഥാർഥ്യത്തിലാക്കാൻ അധികൃതർക്ക് സാധിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ഇതോടെ ശക്തമായിരിക്കുകയാണ്.
ഹൈറേഞ്ചിലേക്ക് പ്രവേശിക്കുന്ന പ്രധാന രണ്ട് റോഡുകളും മലയോര ഹൈവേയുടേയുമെല്ലാം സംഗമഭൂമിയാണ് നേര്യമംഗലം. ഇടുക്കി റോഡിലും അടിമാലി റോഡിലും അപകടങ്ങൾ സംഭവിക്കുന്പോൾ ആദ്യം ഓടിയെത്തുന്നത് കോതമംഗലത്തു നിന്നുള്ള അഗ്നിരക്ഷാസേനയാണ്. മൂന്നാറിലേക്ക് ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി വന്നുപോകുന്ന പാതകൾ എപ്പോഴും വാഹന തിരക്കിലായിരിക്കും.
ഈ തിരക്കിനിടയിലൂടെ 22 കിലോമീറ്റർ അപ്പുറത്തുനിന്ന് നേര്യമംഗലം എത്തി പിന്നേയും അപകട മേഖലയിലേക്ക് കിലോമീറ്ററോളം സഞ്ചരിച്ചാണ് സേനാംഗങ്ങൾ എത്തുക.
ഇതോടെ അപകടങ്ങളുണ്ടായാൽ യഥാസമയം എത്തിച്ചേരാൻ കഴിയാത്തത് വലിയ ആക്ഷേപങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട ഇടുക്കി സ്വദേശിനിയായ അനിന്റ മുക്കാൽ മണിക്കൂറോളം ബസിനടിയിൽ കുടുങ്ങി കിടന്നു.
പിന്നീട് ക്രെയിൻ എത്തിച്ച് കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഇവിടേക്ക് കോതമംഗലത്തുനിന്ന് 26 കിലോമീറ്റർ ദൂരമുണ്ട്. മഴക്കാലത്ത് കാറ്റിലും മണ്ണിടിച്ചിലിലും മരങ്ങളും പാറക്കല്ലും മറ്റും റോഡിലേക്കും മറ്റിടങ്ങളിലേക്കും പതിക്കുന്നതും നിത്യസംഭവമാണ്.
വനമേഖല ഉൾപ്പെട്ട താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സന്ദർഭത്തിലെല്ലാം രക്ഷാപ്രവർത്തനത്തിന് ഓടി എത്തണം. നേര്യമംഗലത്ത് അഗ്നിരക്ഷാ നിലയം സ്ഥാപിച്ചാൽ മാമലകണ്ടം, ഊന്നുകൽ, ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി, ദേശീയ പാതയിൽ വാളറ വരേയും ഇടുക്കി റോഡിൽ പാംബ്ല വരേയും പ്രയോജനം ചെയ്യും.
നേര്യമംഗലം ബസ് സ്റ്റാൻഡിന് പിന്നിൽ നിലയത്തിനായി കവളങ്ങാട് പഞ്ചായത്ത് വക സാംസ്കാരിക നിലയം കെട്ടിടം ഇതിനായി ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ജനുവരി 24നും ആന്റണി ജോണ് എംഎൽഎ അറിയിച്ചിരുന്നു.
സ്റ്റേഷൻ പ്രവർത്തനത്തിന് അഗ്നിരക്ഷാ വകുപ്പ് നൽകിയ നിർദേശപ്രകാരം അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുമെന്നാണ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. ഗ്യാരേജ്, ശുചിമുറി, തറ കട്ട വിരിക്കൽ, വാഹനം കയറാൻ സ്ലാബ് തുടങ്ങിയ അനുബന്ധ സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുമുണ്ട്.
സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഗ്നിരക്ഷാസേന അധികൃതർക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അറിയിപ്പ് കിട്ടിയാൽ ദ്രുതഗതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സേന അധികൃതർ പറയുന്നത്. നേര്യമംഗലത്ത് മിനിഅഗ്നിരക്ഷാ നിലയം സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.