നോന്പിൽ നന്മയായി ജീസസ് യൂത്തിന്റെ ഹ്രസ്വചിത്രം
1543563
Friday, April 18, 2025 4:41 AM IST
കൊച്ചി: യുവജനങ്ങളെ വലിയനോന്പിന്റെ ആത്മീയതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രണ്ടു യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീസസ് യൂത്ത് പ്രവർത്തകർ ഒരുക്കിയ ‘കലിപ്പ്’ എന്ന ഹ്രസ്വചിത്രമാണ് നോന്പുകാലത്തെ വേറിട്ട കാഴ്ചാനുഭവമാകുന്നത്. ജീവിതത്തിൽ അനാവശ്യമായ ദേഷ്യത്തെ നിയന്ത്രിക്കാൻ നോന്പിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനെ തന്മയത്വത്തോടും രസകരമായും ചിത്രത്തിൽ അവതരിപ്പിക്കുന്നു.
നാലു വർഷം മുന്പ് ‘കടുപ്പം’ എന്നപേരിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഹ്രസ്വചിത്രത്തിന്റെ നാലാം ഭാഗമായാണ് ‘കലിപ്പ്’ എത്തിയത്. ‘കടുപ്പം 2’, ‘പുണ്യം’ എന്നീ പേരുകളിൽ കഴിഞ്ഞ വർഷങ്ങളിലെ വലിയ നോന്പുകളിൽ രണ്ടും മൂന്നും ഭാഗങ്ങൾ പുറത്തിറങ്ങിയിരുന്നു.
ഇവയ്ക്കെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ സ്വീകാര്യതയാണ് പുതിയ ചിത്രത്തിനു പ്രചോദനമായതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജെയ്ബി അഗസ്റ്റിൻ പറഞ്ഞു.
റൂബൻ ജെറോം, സുനീഷ് സെബാസ്റ്റ്യൻ, അനി വി. രാജു, സച്ചിൻ യേശുദാസ്, ഗിബ്സൺ അഗസ്റ്റിൻ തുടങ്ങിയ ജീസസ് യൂത്ത് അംഗങ്ങളും ഹ്രസ്വചിത്രത്തിന്റെ അണിയറയിലുണ്ട്. യു ട്യൂബിൽ റിലീസ് ചെയ്ത ചിത്രം ഇതിനകം ആയിരക്കണക്കിനാളുകൾ കണ്ടു.