‘എളിമയുടെയും വിനയത്തിന്റെയും സംസ്കാരം കാലഘട്ടത്തിന് അനിവാര്യം’
1543549
Friday, April 18, 2025 4:20 AM IST
മൂവാറ്റുപുഴ: അപരന്റെ കാൽപ്പാദം വരെ താഴ്ന്നുള്ള വിളിയാണ് പെസഹാ തിരുനാളെന്നും എളിമയുടെയും വിനയത്തിന്റെയും സംസ്കാരം ഈ കാലഘട്ടത്തിന്റെ അനിവാര്യ ഘടകമാണെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യുഹാനോൻ മാർ തെയോഡോഷ്യസ്. വിശുദ്ധ വാരത്തിന്റെ ഭാഗമായി പെസഹ ആചരണത്തോടനുബന്ധിച്ച് കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വാഴപ്പിള്ളി സെന്റ് ജോസഫ്സ് കത്തീഡ്രൽ കത്തോലിക്ക ദേവാലയത്തിൽ രൂപതയുടെ ആഭിമുഖ്യത്തിലാണ് കാൽകഴുകൽ ശുശ്രൂഷ നടന്നത്. ഒന്‍പതാം മണിയുടെ പ്രാർഥനയോടെ ആരംഭിച്ച ശുശ്രൂഷയിൽ 12 ശിഷ്യന്മാരുടെ സ്മരണാർഥം 12 പേരുടെ കാലുകൾ കഴുകിത്തുടച്ച് സുഗന്ധദ്രവ്യമൊഴിച്ച് ചുംബിച്ചാണ് ചടങ്ങ് പൂർത്തീകരിച്ചത്.
തുടർന്ന് 12 പേരുടെ പ്രതിനിധിയായ ഒരാൾ രൂപതാധ്യക്ഷന്റെ കാലുകൾ കഴുകി ആദരവ് പ്രകടിപ്പിച്ചു. കാൽ കഴുകൽ ശുശ്രൂഷയെ തുടർന്ന് പെസഹ കുർബാന രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ നടന്നു.
കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഭദ്രാസന വികാരി ജനറൽ മോണ്‍. തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, ഡിസ്ട്രിക്ട് വികാരി ഫാ. വർഗീസ് മഠത്തിക്കുന്നത്ത്, കത്തീഡ്രൽ വികാരി ഫാ. ജേക്കബ് കിയ്യാലിൽ, പ്രോകൂറേറ്റർ ഫാ. തോമസ് ആറ്റുമാലിൽ എന്നിവർ നേതൃത്വം നൽകി.