ഭക്തിനിർഭരമായി പെസഹാ ആചരണം
1543562
Friday, April 18, 2025 4:41 AM IST
ഇന്നു ദുഃഖവെള്ളി
കൊച്ചി: ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ ആചരണം ഭക്തിനിർഭരമായി. ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും അന്ത്യ അത്താഴത്തിന്റെയും സ്മരണയിൽ, കാൽകഴുകൽ ശുശ്രൂഷ, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരുന്നു.
കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിൽ പെസഹാ ശുശ്രൂഷകളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പെസഹാ ശുശ്രൂഷകൾക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍,
സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ എന്നിവർ കാർമികനായി. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചു.
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ കോതമംഗലം മർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിൽ പെസഹാ ശുശ്രൂഷകൾ നടന്നു.
ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ചു ദേവാലയങ്ങളിൽ ഇന്നു ദുഃഖവെള്ളി ആചരിക്കും. പീഡാനുഭവവായന, ദിവ്യകാരുണ്യസ്വീകരണം, കുരിശുചുംബനം, കുരിശിന്റെ വഴി, നഗരികാണിക്കൽ എന്നിവ ശുശ്രൂഷകളുടെ ഭാഗമായി നടക്കും.
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ രാവിലെ 6.30ന് കോലഞ്ചേരി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകളിൽ കാർമികത്വം വഹിക്കും. കറുകുറ്റി മൗണ്ട് കാര്‍മല്‍ മൊണാസ്ട്രിയിൽ നടക്കുന്ന ദുഖവെള്ളി ശുശ്രൂഷകളില്‍ കര്‍ദിനാള്‍ മാർ ജോർജ് ആലഞ്ചേരി കാർമികനാകും.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഇന്നു രാവിലെ 7.15ന് ഞായപ്പിള്ളി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കുന്ന ദുഃഖവെള്ളി തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കും. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം 4.30ന് ദുഖവെള്ളി ശുശ്രൂഷകളിൽ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർമികനാകും.
തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയിൽ നാളെ രാത്രി 10.30ന് ആരംഭിക്കുന്ന ഉയിർപ്പിന്റെ ശുശ്രൂഷകളിൽ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാർമികത്വം വഹിക്കും. തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഞായർ പുലര്‍ച്ചെ മൂന്നിന് നടക്കുന്ന തിരുക്കര്‍മങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി മുഖ്യ കാര്‍മികനാകും.