വടക്കേക്കരയിലെ കുടിവെള്ളക്ഷാമം: സിപിഎം ധർണ നടത്തി
1543248
Thursday, April 17, 2025 3:53 AM IST
പറവൂർ: വടക്കേക്കര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പ്രശ്നം പരിഹരിക്കുന്നതിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ജല അഥോറിറ്റി ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം വടക്കേക്കര, മൂത്തകുന്നം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പറവൂർ ജല അഥോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഏരിയ സെക്രട്ടറി ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ലോക്കൽ സെക്രട്ടറി എ.ബി. മനോജ് അധ്യക്ഷനായി. വിഷു ദിനത്തിൽപ്പോലും കുടിവെള്ളമില്ലാതെ വലയുന്ന സാഹചര്യമായിരുന്നെന്നും, മാല്യങ്കര പ്രദേശങ്ങളിൽ ആഴ്ചകളായി കുടിവെള്ളം ലഭിച്ചിട്ടെന്നും സമരക്കാർ ആരോപിച്ചു.
ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ഏരിയ കമ്മിറ്റിയംഗം കെ.എം. അംബ്രോസ്, മൂത്തകുന്നം ലോക്കൽ സെക്രട്ടറി പി.ഡി. രാജീവ് എന്നിവർ സംസാരിച്ചു.