ഫാസിസത്തിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുന്നു: ടി.ജെ. വിനോദ്
1543252
Thursday, April 17, 2025 4:07 AM IST
കൊച്ചി: ഫാസിസത്തിന് എതിരായി സംസാരിക്കുന്നവരുടെ നാവടപ്പിക്കാനാണ് സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബിജെപിയും നരേന്ദ്രമോദിയും ശ്രമിക്കുന്നതെന്ന് ടി.ജെ. വിനോദ് എംഎല്‍എ. എതിരാളികളെ ആക്രമിച്ചും അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും നിശബ്ദരാക്കുകയുമാണ് രാജ്യത്ത് നടക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പരിപൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇഡി കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഇഡി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലന്, ഡൊമിനിക് പ്രസന്റേഷന്, ടോണി ചമ്മിണി, എം.ആര്. അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
photo: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇഡി ഓഫീസ് മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.