മലയാറ്റൂരിലേക്ക് തീർഥാടകപ്രവാഹം
1543561
Friday, April 18, 2025 4:41 AM IST
മലയാറ്റൂർ: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളിൽ പ്രാർഥനാനിർഭരമായ മനസോടെ അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടകപ്രവാഹം. പെസഹാദിനമായിരുന്ന ഇന്നലെ പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഇന്നലെ വൈകുന്നേരത്തോടെ കുരിശുമുടിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞു. മലയടിവാരത്തെ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിനു മുന്നിൽ പ്രാർഥനയോടെയാണു വിശ്വാസികൾ മലകയറ്റമാരംഭിക്കുന്നത്.
സംഘങ്ങളായി കുരിശുകളേന്തി മലകയറാനെത്തുന്നവരും നിരവധി. അകലങ്ങളിൽനിന്നു കാൽനടയായി എത്തുന്നവർ ഇക്കുറി അധികമാണ്. മരക്കുരിശുകളുമേന്തി കുരിശിന്റെ വഴി പ്രാർഥനയും ചൊല്ലി മലമുകളിലെത്തുന്ന തീർഥാടകർ വിശുദ്ധ കുർബാനയിലും അനുബന്ധ ശുശ്രൂഷകളിലും പങ്കെടുത്തു വിശ്രമിച്ചശേഷമാണ് മലയിറങ്ങുന്നത്.
ദുഃഖവെള്ളിദിനമായ ഇന്ന് വലിയതോതിലെത്തുന്ന തീർഥാടകർക്കായി ക്രമീകരണങ്ങൾ സജ്ജമാണ്. കുരിശുമുടിയിലും താഴത്തെ പള്ളിയിലും ഇന്നലെ നടന്ന പെസഹാ തിരുക്കർമങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പുതുഞായർ തിരുനാളിന് കുരിശുമുടിയിലും താഴത്തെ പള്ളിയിലും 24ന് കൊടിയേറും. 27നാണ് തിരുനാൾ. .
തീർഥാടകർക്കു വിപുലമായ സൗകര്യങ്ങൾ
മലയാറ്റൂർ കുരിശുമുടിയിലും അടിവാരത്തും മലമുകളിലേക്കുള്ള പാതയിലും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി മുഴുവൻ മല കയറാൻ വിശ്വാസികളുടെ തിരക്കുള്ളതിനാൽ ആവശ്യമായ പ്രകാശസംവിധാനവും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും അടിവാരത്തേക്ക് പ്രത്യേക സർവീസുകൾ തുടർച്ചയായി നടത്തുന്നുണ്ട്. സ്വകാര്യബസുകൾക്ക് പ്രത്യേക പെർമിറ്റ് നൽകിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തും.