കാറ്റും മഴയും : കോതമംഗലം താലൂക്കിൽ ലക്ഷങ്ങളുടെ കൃഷിനാശം
1543219
Thursday, April 17, 2025 3:35 AM IST
കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ കോതമംഗലം താലൂക്കിൽ ലക്ഷങ്ങളുടെ കൃഷിനാശം. കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്.
പത്ത് കർഷകരുടെ രണ്ടായിരത്തിലധികം ഏത്തവാഴയാണ് കാറ്റിൽ നിലംപതിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിൽ 800 കുലച്ച ഏത്തവാഴയും 650 കുലയ്ക്കാറായ ഏത്തവാഴയും നഗരസഭ പരിധിയിൽ കുലച്ച 500 ഏത്തവാഴകളുമാണ് നശിച്ചത്.
ഇതിൽ നെല്ലിക്കുഴി മണലിക്കുടി പൗലോസ് എന്ന കർഷകന്റെ മാത്രം 400 ഏത്തവാഴകളാണ് കാറ്റിൽ ഒടിഞ്ഞത്. 16 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കൃഷിഭവൻ അധികൃതർ പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. പലയിടങ്ങളിലും മരം വീണ് വൈദ്യുത പോസ്റ്റുകളും തകർന്നു. മരം റോഡിന് കുറുകെ വീണ് ഗതാഗത തടസവുമുണ്ടായി. അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
കർഷകർക്ക് വേണ്ടത്ര സാന്പത്തിക സഹായം ലഭിക്കുന്നില്ലെന്ന് നേരത്തെ മുതൽ പരാതിയുള്ളതാണ്. കൃഷിനാശം സംഭവിക്കുന്ന പല കർഷകർക്കും സഹായം പേരിനുമാത്രമായി ഒതുങ്ങുന്നതായും കർഷകർ പറയുന്നു. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.