സ്ലാബിൽ തട്ടി നിയന്ത്രണംവിട്ട സ്കൂട്ടർ ടാങ്കർ ലോറിയിൽ തട്ടി മറിഞ്ഞ് യാത്രക്കാരി മരിച്ചു
1543072
Wednesday, April 16, 2025 10:19 PM IST
കാക്കനാട്: റോഡരികിലെ കോണ്ക്രീറ്റ് സ്ലാബിൽ തട്ടി നിയന്ത്രണംവിട്ട സ്കൂട്ടർ, ടാങ്കർ ലോറിയിൽ തട്ടി മറിഞ്ഞ് സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന യാത്രക്കാരി മരിച്ചു.
നെട്ടൂർ മൂലയിൽതിട്ട ഉണ്ണികൃഷ്ണന്റെ ഭാര്യ കെ.വി. മഹേശ്വരി (52) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഉണ്ണികൃഷ്ണൻ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ ചെന്പുമുക്കിലാണ് അപകടം.
തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജീവനക്കാരിയായ മഹേശ്വരി ഭർത്താവിനൊപ്പം യാത്ര ചെയ്യവേ നിരത്തിൽ, ഉയർന്നു നിന്ന കോണ്ക്രീറ്റ് സ്ലാബിൽ തട്ടി വാഹനം നിയന്ത്രണം വിട്ട് അതുവഴി വന്ന ടാങ്കർ ലോറിയിൽ തട്ടിയതോടെ റോഡിലേക്ക് തലയടിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം നടത്തി. മക്കൾ: സനൽ, സന്ധ്യ. മരുമക്കൾ: സേവ്യർ, രമ്യ.