കണിയൊരുക്കിയും കൈനീട്ടം നൽകിയുംആനവണ്ടിയിലൊരു വിഷു ആഘോഷം
1543022
Wednesday, April 16, 2025 7:27 AM IST
ആലുവ: ബസിനകത്ത് കണി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷിച്ച് ആലുവ കെഎസ്ആർടിസി ജീവനക്കാരും യാത്രികരും. ആലുവ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന തൃപ്പൂണിത്തറ സർവീസിലെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ചേർന്നാണ് വിഷു ആഘോഷിച്ചത്.
ഡ്രൈവർ കെ.ജെ. ഷാജിയാണ് മേൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ പുതുമനിറഞ്ഞ ആശയത്തിന് നേതൃത്വം നൽകിയത്. കെഎൽ-15 8480 ബസ് കണിക്കൊന്നയും പൂമാലകളും കൊണ്ട് അലങ്കരിച്ച് വിഷുക്കണിയും ഒരുക്കി. ടിക്കറ്റിനോടൊപ്പം വിഷുക്കൈനീട്ടവും നൽകി കണ്ടക്ടർ എ.ബി. എൽദോസ് യാത്രക്കാർക്ക് വിഷു ആശംസകൾ നേർന്നു.
ഡിപ്പോയിലെ എല്ലാ ജീവനക്കാർക്കും ബസ് കണ്ടക്ടറുടെ കൈനീട്ടം നൽകിയാണ് ചടങ്ങ് തുടങ്ങിയത്. സ്ഥിരം യാത്രക്കാരുടെ പ്രതിനിധിയായി ഏലൂർക്കര സ്വദേശി ഗീത മധുര പലഹാരങ്ങളും യാത്രക്കാർക്ക് വിതരണം ചെയ്തതോടെ വിഷുനാളിലെ യാത്ര അവിസ്മരണീയമായി.