‘അതിഥി' പോര്‍ട്ടല്‍ നോക്കുകുത്തി ; ഇതര സംസ്ഥാനക്കാരായ കുറ്റവാളികള്‍ കൂടുന്നു
1543020
Wednesday, April 16, 2025 7:27 AM IST
കൊച്ചി: കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ഇതര സംസ്ഥാനക്കരുടെ എണ്ണം ജില്ലയില്‍ പെരുകുമ്പോഴും തൊഴില്‍ തേടി ഇതര സ്ഥാനത്തുനിന്നെത്തുന്ന ഭൂരിഭാഗം പേരുവിടെ വിവരങ്ങളും സര്‍ക്കാറിന്റെ പക്കലില്ല.
കഴിഞ്ഞ 15 ദിവസത്തിനിടെ കൊച്ചി സിറ്റിയില്‍ മാത്രം മയക്കുമരുന്ന് വില്‍പ്പന മുതല്‍ വീട് കുത്തിതുറന്നു മോഷണങ്ങളില്‍ വരെ പ്രതികളായത് പത്തോളം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ്. കേസുകളില്പ്പെടുന്നവരില് ഭൂരിഭാഗം പേരും സംസ്ഥാന തൊഴില്‍വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ‘അതിഥി’ വെബ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്തവരാണ്. ഇത് പോലീസ് അന്വേഷണങ്ങള്‍ക്കും പ്രതിസന്ധിയാകുന്നു.
കോവിഡിന് ശേഷം സംസ്ഥാനത്തേക്ക് എത്തിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമായിരുന്നില്ല. ഇതോടെയാണ് ‘അതിഥി’ പോര്‍ട്ടല്‍ ആരംഭിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തുടക്കമിട്ട ആവാസ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വെബ് പോര്‍ട്ടല്‍ തുടങ്ങിയത്. കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികള്‍ക്കും സ്വന്തം നിലയില്‍ ‘അതിഥി'യില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.
തൊഴിലാളികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉള്ളതിനാല്‍ ഇതിന്റെ ആപ്പും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് ശേഖരിക്കുന്ന ഇതര സംസ്ഥാനക്കാരുടെ നാമമാത്രമായ പേരുവിവരങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ഔദ്യോഗിക കണക്കുകളിലേതിന്റെ ഇരട്ടിക്ക് മുകളിലാണ് ജില്ലയിലെ പെരുമ്പാവൂരില്‍ മാത്രമുള്ളത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തമാസിക്കുന്ന ജില്ലകളിലൊന്നാണ് എറണാകുളം.
പലരും അനധികൃത കുടിയേറ്റക്കാർ
ജോലി തേടി ജില്ലയിലെത്തുന്ന ഭൂരിഭാഗം പേരും അനധികൃതമായി കുടിയേറുന്നവരാണെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ല. ഇത്തരക്കാരെ എത്തിക്കുന്ന ഏജന്റുമാര്‍ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നുമില്ല. തൊഴിലാളികളെ എത്തിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലടക്കം വിവരം കൈമാറണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം. തൊഴിലിനെത്തിക്കുന്ന പലര്‍ക്കും മികച്ച താമസ സൗകര്യവും വേതനവും നല്‍കാത്തതും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ കാരണമാകുന്നുണ്ട്. ജില്ലയില്‍ ട്രെയിനിറങ്ങുന്ന പലരും നാട്ടില്‍ വിവിധ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമാണ്.
കണക്കില്‍ 3,72,088
‘അതിഥി’ പോര്‍ട്ടല്‍ മുഖേന കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെതിട്ടുള്ളത് 3,72,088 ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ്. ഇതിന്റെ മൂന്ന് ഇരട്ടിയിലധികം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാനത്താണിത്. നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ പശ്ചിമബംഗാളില്‍ നിന്നാണ്. 1,23,755 പേരാണ് ഇവിടെനിന്നുള്ളത്.
അസം-65,313, ബീഹാര്‍-51,063, ഒഡീഷ-45,212, ജാര്‍ഖണ്ഡ്-30,392 എന്നിങ്ങനെയാണ് ഏറ്റവുമധികം തൊഴിലാളികള്‍ കുടിയേറിയിട്ടുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക്. ഇതര സംസ്ഥാന തൊഴിലാളിയുടെ പേര്, മൊബൈല്‍ നമ്പര്‍, വയസ്, ജില്ല, പോലീസ് സ്റ്റേഷന്, കേരളത്തിലെ മേല്‍വിലാസം, ജില്ല, താലൂക്ക്, വില്ലേജ്, ജോലിയുടെ സ്വഭാവം, ആധാര്‍, കുടുംബ വിവരങ്ങള്‍ എന്നിവയാണ് സര്‍ക്കാരിന് തൊഴിലാളികള്‍ ‘അതിഥി’ പോര്‍ട്ടല്‍ മുഖേന കൈമാറേണ്ടത്.