ചക്കുമരശേരി ക്ഷേത്രോത്സവം: പുതുപ്പള്ളി കേശവൻ തിടന്പേറ്റി
1543019
Wednesday, April 16, 2025 7:27 AM IST
പറവൂര്‍: വടക്കേക്കര ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന തിടമ്പേറ്റല്‍ ചടങ്ങില്‍ വടക്കേചേരുവാരം അണിനിരത്തിയ പുതുപ്പള്ളി കേശവന് തിടമ്പേറ്റാനുള്ള അര്‍ഹത നേടി. രാവിലെ എട്ടിനായിരുന്നു ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തിടമ്പേറ്റല്‍ ചടങ്ങ് നടന്നത്.
കാഴ്ചശ്രീബലിക്ക് മുന്‍പ് നടക്കുന്ന ആചാരപ്രകാരമുള്ള തിടമ്പ് നിര്‍ണയ ചടങ്ങ് കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രമൈതാനത്ത് തടിച്ചുകൂടിയത്. വടക്കേചേരുവാരം അണിനിരത്തിയ പുതുപ്പിള്ളി കേശവനെ തെക്കേചേരുവാരം ചിറയ്ക്കല്‍ കാളിദാസനിലൂടെയാണ് നേരിട്ടത്.
രണ്ട് ആനകളും ഉയരത്തിലും അഴകിലും കിടപിടിക്കുന്നവയായിരുന്നു. ആചാര കതിന വെടി മുഴങ്ങിയ ശേഷം മസ്തകം സ്വയം 10 മിനിറ്റോളം ഉയര്‍ത്തി നില്ക്കുന്ന ആനയെയാണ് തിടമ്പേറ്റാന്‍ നിശ്ചയിക്കുന്നത്. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുതുപ്പിള്ളി കേശവന് തിടമ്പ് വഹിക്കുന്നതിന് അര്‍ഹത നേടിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതിനിടെ തെക്കേ ചേരുവാരം ഭാരവാഹികള്‍ അതൃപ്തി അറിയിച്ച് ക്ഷേത്രം ഓഫീസിന് മുന്നില്‍ കൂടിനിന്ന് പ്രതിഷേധിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന പകല്‍പ്പൂരത്തിന് 11 ആനകള്‍ അണിനിരന്നു. പുതുപ്പിള്ളി കേശവന് ദേവ തിടമ്പേറ്റി. തെക്കേ ചേരുവാരത്തിനു വേണ്ടി ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും സംഘവും, വടക്കേ ചേരുവാരത്തിനു വേണ്ടി ടി.ഡി. രാധാകൃഷ്ണനും സംഘവും മേജര്‍സെറ്റ് പഞ്ചവാദ്യം അവതരിപ്പിച്ചു. രമേഷ് ദേവപ്പന്റെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളം. വര്‍ണക്കുടമാറ്റവും ഉണ്ടായിരുന്നു.