കരള്‍ മാറ്റിവച്ച ഡോക്ടറുടെ കൈപിടിച്ച് ശിഖ ആദ്യാക്ഷരം കുറിച്ചു
1543018
Wednesday, April 16, 2025 7:27 AM IST
കൊച്ചി: ഗുരുതര രോഗാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതേ കൈയ്ക്കുളില് കുരുന്നു കരം ചേര്‍ത്തുവച്ച് ആദ്യാക്ഷരം നുകര്‍ന്ന് രണ്ട് വയസുകാരി ശിഖ. വിഷുദിനമായ ഇന്നലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കരള്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മാത്യു ജേക്കബാണ് വെങ്കലപ്പാത്രത്തിലെ അരിമണികളില്‍ കുരുന്നുവിരല് ചേര്‍ത്തുപിടിച്ച് ശിഖയ്ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തത്.
കായംകുളം സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അനിലാലിന്റെയും വിനീതയുടെയും രണ്ടാമത്തെ മകളാണ് ശിഖ. ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശിഖ ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. നവജാത ശിശുക്കളെ ബാധിക്കുന്ന ബിലിയറി അട്രീഷ്യ എന്ന അപൂര്‍വരോഗമായിരുന്നു ശിഖയെ പിടികൂടിയിരുന്നത്.
മികച്ച ചികിത്സയ്ക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ അന്വേഷണം അവസാനിച്ചത് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ്. പീഡിയാട്രിക് മെഡിക്കല്‍ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. ഗീത മമ്മയില്‍ ആണ് ശിഖയെ ആദ്യം പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഡോ. മാത്യു ജേക്കബിന് റെഫര്‍ ചെയ്തത്.
കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ ശിഖയുടെ ജീവന് രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. അമ്മ വിനീത കരള്‍ പകുത്തുനല്‍കാന്‍ തയാറായെങ്കിലും രക്തം ചേരില്ലായിരുന്നു. പിന്നീട് മുത്തശി കരള്‍ നല്കാന് തയാറായി.
അങ്ങനെ ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോള്‍ ശിഖയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 23 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം പൂര്‍ണ ആരോഗ്യവതിയായി ശിഖ വീട്ടിലേക്ക് മടങ്ങി.
അതേ കുഞ്ഞിനെ എഴുത്തിനിരുത്താന്‍ ഭാഗ്യം ലഭിച്ചത് ഒരനുഗ്രഹമാണെന്നായിരുന്നു ആദ്യാക്ഷരം പകര്‍ന്ന് നല്കിയ ശേഷം ഡോ. മാത്യു ജേക്കബ് പറഞ്ഞത്. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവും ഡോ. മാത്യു ജേക്കബും ചേര്‍ന്ന് ശിഖയ്ക്കും സഹോദരിക്കും വിഷുകൈനീട്ടം നല്കി.