കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട
1543017
Wednesday, April 16, 2025 7:27 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിഷു ദിവസം വൻ ഹൈബ്രിഡ് കഞ്ചാവു വേട്ട നടത്തി. വിദേശത്തുനിന്നുമെത്തിയ യുവതിയുടെ പക്കൽ നിന്നും 35.70 ലക്ഷം രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്. 1,190 ഗ്രാം കഞ്ചാവ് ചെക്ക് ഇൻ ബാഗിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഗ്രീൻ ചാനലിലൂടെ പോകാൻ ശ്രമിച്ച ബാഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയായ തുളസി എന്ന യുവതിയാണ് പിടിയിലായത്. ഇവർ ബാങ്കോക്കിൽ നിന്നും തായി ലയൺ എയർവേയ്സ് ഫ്ലൈറ്റിലാണ് കൊച്ചിയിൽ വന്നിറങ്ങിയത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യുവതി കാരിയർ മാത്രമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ നിഗമനം. ഇവർ ഇതിനുമുൻപും പലവട്ടം കള്ളക്കടത്ത് നടത്തിയിട്ടുള്ളതായാണ് വിവരം.