തട്ടുകടകൾ പൊളിക്കാൻ പൊടിച്ചത് എട്ടു ലക്ഷം
1543015
Wednesday, April 16, 2025 7:27 AM IST
കാക്കനാട്: നഗരസഭാ പരിധിയിലെ അനധികൃത തട്ടുകടകൾ പൊളിച്ചു മാറ്റാൻ തൃക്കാക്കര നഗരസഭാധികൃതർ അഞ്ചുദിവസംകൊണ്ട്ചെലവാക്കിയ തുകയുടെ കണക്കു കേട്ടാൽ ആരുമൊന്നു ഞെട്ടും. അഞ്ചു ദിവസം കൊണ്ടാണ് നഗരസഭാ എൻജിനീയറിംഗ് വിഭാഗം ദൗത്യം പൂർത്തിയാക്കിയത്.
കൃത്യമായി പറഞ്ഞാൽ 2025 ജനുവരി 4,7,9,13,15 ദിവസങ്ങളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴുമണിവരെയുള്ളദൗത്യനിർവഹണത്തിനു 8,16,265 രൂപ ചെലവഴിച്ചതായി വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ പറയുന്നു.ഇനം തിരിച്ചുളള കണക്ക് ചുവടെ, ലേബർകൂലി: 1,18,400, ഗ്യാസ് കട്ടർ 58,500, ജനറേറ്റർ വാടകയിനത്തിൽ ചെലവായത് 45,600, കാർവാടക17,600, കട്ടിംഗ് മെഷീൻ 10,000, വണ്ടി വാടക (ദോസ്ത്) 1,20,000, ഭക്ഷണം, ചായ, വെള്ളം 40,189, മെഡിസിൻ 1232, ഡീസൽ, റൂം റെന്റ് 3334, ജെസിബി-ടിപ്പർവാടക 4,01,400.
നഗരസഭയ്ക്ക് സ്വന്തമായി വാഹനങ്ങൾ ഉണ്ടായിട്ടും കാർ വാഹന ഇനത്തിൽ17,600 രൂപയുടെ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ആരോപണവുമായി പ്രതിപക്ഷം കൗൺസിൽ യോഗങ്ങളിൽ പ്രതിഷേധിച്ചിരുന്നു. രാത്രി ഏഴുമുതൽ രാവിലെ ഏഴു വരെ അനധികൃത തട്ടുകടകൾ പൊളിക്കാൻ ഇറങ്ങിയ ആരോഗ്യ വിഭാഗം അധികൃതർ റൂം വാടകയ്ക്കെടുത്ത വകയിലും ഡീസൽ ചാർജിനത്തിലും 3,334 രൂപ ചെലവാക്കിയെന്നാണ് വിവരാവകാശ രേഖയിൽ ഉള്ളത്. 1,20,000 രൂപ ദോസ്ത് വാഹനത്തിന് വാടക ഇനത്തിൽ നൽകിയിട്ടുണ്ട്. കാർ വാഹന വാടകയായി 17,600 രൂപയും നൽകിയതായി പറയുന്നു.
അതേസമയം ജെസിബിയും ടിപ്പറും വാടകക്കെടുത്തവകയിൽ 4,01400 രൂപ ചെലവാക്കിയ നഗരസഭ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പൊളിച്ചു കൊണ്ടുവന്ന സാധന സാമഗ്രികൾ തൂക്കി വിറ്റാൽ രണ്ടു ലക്ഷം രൂപ പോലും കിട്ടില്ലെന്നു പ്രതിപക്ഷം പറയുന്നു.
പൊളിച്ചു മാറ്റിയ തട്ടുകടകൾ വീണ്ടും തലപൊക്കി
കാക്കനാട്: തെരുവോരങ്ങളിലെ അനധികൃത രാത്രികാല തട്ടുകടകൾ ഒഴിപ്പിക്കാൻ നഗരസഭയുടെ പണം ഉപയോഗിച്ച് അഞ്ചു രാത്രികളിലായി എൻജിനീറിംഗ് ഭാഗം ഉദ്യോഗസ്ഥർനടത്തിയ രാത്രികാല ദൗത്യത്തിൽ 8,16,265 രൂപ ചെലവഴിക്കപ്പെട്ടതല്ലാതെ പൊളിച്ചു മാറ്റിയ കടകളെല്ലാം യഥാസ്ഥാനങ്ങളിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിട്ട് മാസങ്ങളായിട്ടും നഗരസഭ പിന്നീട് തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.