തൈക്കൂടത്ത് പീഡാനുഭവ ദൃശ്യാവിഷ്കാരവുമായി "ഒമ്പതാം മണിക്കൂർ’ ഒരുങ്ങുന്നു
1543010
Wednesday, April 16, 2025 7:10 AM IST
മരട്: തൈക്കൂടം സെന്റ് റാഫേൽ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി "ഒമ്പതാം മണിക്കൂർ' എന്ന ദൃശ്യാവിഷ്കരണത്തിനുള്ള തയാറെടുപ്പിലാണ് തൈക്കൂടത്തെ ഒരുപറ്റം കലാകാരന്മാർ.
മനുഷ്യമക്കളുടെ പാപങ്ങൾ ഏറ്റെടുത്ത് കാൽവരി കുരിശിൽ യാഗമായി തീർന്ന യേശുവിന്റെ പീഡാസഹനവും മരണവും അനുഭവവേദ്യമായി തീരുന്ന ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെയുള്ള സമയങ്ങളിൽ നടന്ന പീലാത്തോസിന്റെ അരമന മുതൽ കാൽവരി കുരിശുമരണം വരെയുള്ള സംഭവങ്ങൾ തൈക്കൂടം സെന്റ് റാഫേൽ പള്ളിയങ്കണത്തിൽ ദുഃഖവെള്ളിയാഴ്ച്ച രാവിലെ നടക്കും.
രാവിലെ ആറിന് ആരംഭിക്കുന്ന കുരിശിന്റെ വഴി യാത്ര തൈക്കൂടം ജംഗ്ഷൻ, വൈറ്റില ജനത പ്രദേശങ്ങളിൽ കൂടി കടന്നുവന്ന് പള്ളിയിൽ എട്ടുമണിക്ക് എത്തിച്ചേർന്നശേഷമാണ് ദൃശ്യാവിഷ്ക്കാരം അരങ്ങേറുന്നത്. തുടർന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ സന്ദേശം നൽകും. ഇടവകയിലുള്ള കെഎൽസിഎ യൂണിറ്റിലെ പ്രധാന പ്രവർത്തകർ ചേർന്നാണ് കഴിഞ്ഞ വർഷം മുതൽ ദൃശ്യാവിഷ്ക്കാരം തുടങ്ങിവച്ചത്. മുൻ വർഷത്തെപോലെ തന്നെ ക്രിസ്തുവിന്റെ വേഷത്തിൽ ജനശ്രദ്ധ നേടിയ കുഞ്ഞുമോൻ തട്ടാലിയാണ് ഈ വർഷവും ഈശോയുടെ വേഷം ചെയ്യുന്നത്.
ഭാരമുള്ള മരക്കുരിശ് ചുമന്നുകൊണ്ട് നാല് കിലോമീറ്റർ ദൂരം പിന്നിട്ട് പള്ളി ഗ്രൗണ്ടിൽ തിരിച്ചെത്തിയതിനു ശേഷമാണ് ദൃശ്യാവിഷ്ക്കാരം നടക്കുന്നത്.
വികാരി ഫാ. സെബാസ്റ്റ്യൻ ജോബി അശീത്പറമ്പിൽ, സഹവികാരിമാരായ ഫാ. ആൽഫിൻ ആന്റണി കൊച്ചുവീട്ടിൽ, ഫാ. പ്രബിൻ എന്നിവരുടെ നിർദേശാനുസരണം എം.എ. ജോളി, ബേബി കൊച്ചുവീട്ടിൽ, അമൽ മാർട്ടിൻ, ബൈജു തോട്ടാളി, സോണിയ വിനു, സേവ്യർ പി. ആന്റണി, ജോഷി പള്ളൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 40ൽ പരം പ്രവർത്തകർ കൈകോർക്കുന്ന സംരംഭത്തിനായി സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം ഷായും സംഘവും, സിനിമ ഹെയർ ഡ്രസ്സർ ലിസി ഇഗ്നേഷ്യസ്, ഫോട്ടോഗ്രാഫിക് ഡിസൈനർ സുമൻ മേരിദാസ്, സൗണ്ട് ഡിസൈനർ സജീവ് എന്നിവർ അണിയറ പ്രവർത്തനങ്ങളിൽ ഒന്നിക്കുന്നു.