ഓഞ്ഞിപ്പുഴയെ വീണ്ടെടുക്കാൻ ജനകീയ സമിതിയുടെ രാപ്പകൽ സമരം ഇന്ന് മുതൽ
1543008
Wednesday, April 16, 2025 7:10 AM IST
ആലുവ: പെരിയാറിന്റെ കൈവഴിയായ ഓഞ്ഞിപ്പുഴയിലെ 64 കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കവലയിൽ ഇന്ന് രാവിലെ 11ന് സമരം ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംവിധായകൻ സന്തോഷ് പണ്ഡിറ്റ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും.
കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള, കാർഷികാവശ്യങ്ങൾക്കും മത്സ്യ ബന്ധനത്തിനും ഉപകരിച്ചിരുന്നതോട് കൈയേറ്റക്കാരുടെ പിടിയിലായെന്നാണ് ജനകീയ സമിതി കുറ്റപ്പെടുത്തുന്നത്. ജില്ലാ കളക്ടറുടെ സ്പെഷൽ സർവേ ടീം കണ്ടെത്തിയ 64 കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം.
ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ ഹർജിയെ തുടർന്നാണ് 2021 ൽ കേരള ഹൈക്കോടതിയുടെ ഇടപെട്ടാണ് സർവേ നിർദേശിച്ചത്. പെരിയാറിന്റെ ഏലൂക്കര ഭാഗത്ത് നിന്നാരംഭിച്ച് പടിഞ്ഞാറു മേത്താനം ഭാഗത്ത് അവസാനിക്കുമ്പോൾ 19.4 കിലോമീറ്റർ ദൂരത്തിൽ 100 ഏക്കർ സ്ഥലമാണ് 50 വർഷം മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ 2015 ൽ നടത്തിയ കണക്കെടുപ്പിൽ ഓഞ്ഞിത്തോട് എന്നറിയപ്പെടുന്ന ഓഞ്ഞിപ്പുഴ കേവലം 3.5 ഏക്കർ മാത്രമായി ചുരുങ്ങി.
2022 ൽ പുഴയുടെ അതിർത്തി നിർണയം നടത്തിയെങ്കിലും അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിൽ കടുങ്ങല്ലൂർ ആലങ്ങാട് പഞ്ചായത്തുകൾ, റവന്യൂ, സർവേ വകുപ്പുകൾ കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.