മത്സ്യം കഴിച്ചയാൾക്ക് വയറിളക്കവും ഛർദ്ദിയും: പരാതി നൽകി
1543001
Wednesday, April 16, 2025 7:10 AM IST
പള്ളുരുത്തി: തോപ്പുംപടി ബിഎസ്എൻഎൽ ഓഫീസിനു സമീപത്തെ മീൻ മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ച് വയറിളക്കും ഛർദ്ദിയും സംഭവിച്ച പള്ളുരുത്തി എംഎൽഎ റോഡ് ഐഷാ കോട്ടേജിൽ സിയാദ് (49) നെ കരുവേലിപ്പടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം സിയാദിന്റെ മകനാണ് മാർക്കറ്റിൽ നിന്നും മീൻ വാങ്ങിയത് കാഴ്ചയിൽ പച്ച മീൻ എന്ന് തോന്നുമെങ്കിലും കറിവെച്ചതിനുശേഷമാണ് ഫോർമാലിന്റെ രൂക്ഷമായ ഗന്ധം ഉണ്ടായതായി സിയാദ് പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് ഫുഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധനയിൽ പള്ളുരുത്തി, തോപ്പുംപടിമാർക്കറ്റുകളിൽ നിന്ന് 500 കിലോയോളം ചീഞ്ഞ മീനാണ് പിടിച്ചെടുത്തത്.
ഹാർബറിൽ നിന്നും ശേഖരിക്കുന്ന നല്ല മീനിന്റെ കൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിൽ എത്തിക്കുന്ന മാസങ്ങൾ പഴക്കമുള്ള മീനും ചേർത്താണ് വിൽപന നടത്തുന്നത്. സംഭവത്തിൽ ഫുഡ് ഇൻസ്പെക്ടർക്ക് പരാതി നൽകിയതായി കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് സെക്രട്ടറിയായ ടി.എ. സിയാദ് പറഞ്ഞു.