തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാനയുടെ രാജി ഇന്ന്
1542996
Wednesday, April 16, 2025 7:10 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പദവി രാജിവക്കും. ഇടച്ചിറ ഡിവിഷനിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച അബ്ദു ഷാനയ്ക്ക് അഞ്ചു മാസത്തേക്ക് വൈസ് ചെയർമാൻ പദവി നൽകുന്നതിന് യുഡിഎഫിൽ ധാരണ ഉണ്ടായിരുന്നു.
മുസ്ലിം ലീഗിന്റെ കൈവശമുള്ള വൈസ് ചെയർമാൻ പദവി ധാരണപ്രകാരം അബ്ദു ഷാനക്ക് കൈമാറുകയും ചെയ്തു. കാലാവധി പൂർത്തിയായ മാർച്ച് 23 ന് തന്നെ അബ്ദു ഷാന രാജി സന്നദ്ധത അറിയിച്ചെങ്കിലും ലീഗിലെ ഗ്രൂപ്പ് ഭിന്നത മൂലം രാജി നീളുകയായിരുന്നു.
ലീഗ് ജില്ലാ നേതൃത്വം ഏപ്രിൽ 16ന് മുമ്പ് പദവി രാജിവക്കാൻ അബ്ദു ഷാനക്ക് കത്തുനൽകിയിരുന്നു തുടർന്ന് ഡിസിസി നേതൃത്വവും അബ്ദു ഷാന രാജി വെയ്ക്കണമെന്നറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുനിസിപ്പൽ സെക്രട്ടറി മുമ്പാകെ അബ്ദു ഷാന രാജി സമർപ്പിക്കും.
മുസ്ലിംലീഗിന്റെ സ്വതന്ത്ര കൗൺസിലർ എം.സി. ദിനൂപിനെ നഗരസഭാ വൈസ് ചെയർമാനായി നിർദ്ദേശിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ലീഗിലെ തന്നെ എ.എ. ഇബ്രാഹിം കുട്ടി രണ്ടര വർഷവും, തുടർന്ന് ഒന്നര വർഷം ലീഗിലെ പി.എം. യൂനിസും തുടർന്നുള്ള ഒരു വർഷം എം.സി. ദിനൂപിനും പദവി നൽകാനായിരുന്നു ലീഗിലെ ആദ്യ ധാരണ. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനപ്രകാരം യൂനിസിന്റെ കാലാവധി തീരുന്നതിനും ആറു മാസം മുൻപ് പദവി അബ്ദു ഷാനയ്ക്ക് കൈമാറുകയായിരുന്നു. പുതിയ വൈസ് ചെയർമാനെ തെരഞ്ഞെടുക്കാൻ ഇനിയും മൂന്നാഴ്ച വൈകിയേക്കും. ധാരണപ്രകാരം പി.സി. ദിനൂപ് തന്നെയാവും ലീഗിന്റെ വൈസ് ചെയർമാൻ സ്ഥാനാർഥി.