മൂവാറ്റുപുഴ നഗര വികസനം: നിർമാണങ്ങൾക്ക് തുടക്കം
1542995
Wednesday, April 16, 2025 7:10 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാലുവരി പാതയായി പുനർ നിർമിക്കുന്ന റോഡ് ഉന്നത നിലവാരത്തിലായിരിക്കും പൂർത്തീകരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
കൂടുതൽ കാലം നിലനിൽക്കുന്നതിന് നാല് പാളികളായിട്ടാണ് റോഡ് നിർമാണം രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിലവിലെ ടാറിംഗ് പൊളിച്ചു നീക്കിയാണ് പുതിയ റോഡ് നിർമിക്കുന്നത്. നിശ്ചയിച്ച സമയത്ത് തന്നെയാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സയാന ഹോട്ടലിന്റെ ഭാഗത്തുനിന്ന് കച്ചേരിത്താഴം വരെയാണ് ആദ്യഘട്ടം നിർമാണം ആരംഭിച്ചത്. ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയ ശേഷം ബാക്കി ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. എംഎൽഎ ഓഫീസിന്റെ സമീപമുള്ള കലുങ്കിന്റെ രണ്ടാം ഭാഗത്തിന്റെ നിർമാണവും ഇതോടൊപ്പം ആരംഭിച്ചു.
റോഡ് നിർമാണ പ്രദേശത്തെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിന്റെ ഭാഗമായി വൈദ്യുതി ലൈൻ, കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ ഇവ പൂർത്തീകരിക്കും.
റോഡ് നിർമാണം ആരംഭിച്ചതോടെ ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളോട് വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് എംഎൽഎയും നഗരസഭാധ്യക്ഷനും അഭ്യർഥിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്സണ് സിനി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നഗരസഭാംഗങ്ങളായ കെ.കെ. സുബൈർ, അമൽ ബാബു, ജോളി മണ്ണൂർ, ജോയ്സ് മേരി ആന്റണി, മേരിക്കുട്ടി ചാക്കോ എന്നിവർ സന്ദർശിച്ചു.