മറന്നുവച്ച പണം ഉടമയെ കണ്ടെത്തി തിരികെ നൽകി അക്ഷയ സെന്റർ ഉടമ
1542993
Wednesday, April 16, 2025 7:10 AM IST
മൂവാറ്റുപുഴ: മറന്നുവച്ച പണം ഉടമയെ കണ്ടെത്തി തിരികെ നൽകി അക്ഷയ സെന്റർ ഉടമ മാതൃകയായി. റിട്ട. ഹെൽത്ത് ജീവനക്കാരൻ വീട്ടൂർ സ്വദേശി മാപ്പിളമാലിൽ എം.വൈ. പൗലോസിന്റെ (90) നഷ്ടമായ പണമാണ് അക്ഷയ സെന്റർ ഉടമ ഉമ്മർ മുതലക്കാലായിൽ ഉടമയെ കണ്ടെത്തി കൈമാറിയത്.
കഴിഞ്ഞ ദിവസം പെൻഷൻ വാങ്ങാൻ മൂവാറ്റുപുഴ ട്രഷറിയിലെത്തിയ പൗലോസ് 24,500 രൂപ എടുത്തു. മടങ്ങും വഴി സിവിൽ സ്റ്റേഷനു മുന്നിലെ അക്ഷയ സെന്ററിൽ കയറിയ ശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പലയിടങ്ങളിലും പണം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
അക്ഷയ സെന്റർ അടയ്ക്കുന്നതിനിടെയാണ് ഉടമയായ ഉമ്മറിന് പണമടങ്ങിയ കവർ ലഭിച്ചത്. പാസ് ബുക്കും പണവുമായിരുന്നു കവറിൽ ഉണ്ടായിരുന്നത്. തുടർന്ന് ട്രഷറി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഉടമയെ തേടിപ്പിടിച്ചത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ സാന്നിധ്യത്തിൽ ഉമ്മർ ഉടമയ്ക്ക് തുക കൈമാറി.