എടവനക്കാട് കടല്‍ഭിത്തി: ജിഡ 35 കോടി അനുവദിക്കും
1541402
Thursday, April 10, 2025 4:43 AM IST
കൊച്ചി: കടല്‍കയറ്റം രൂക്ഷമായ എടവനക്കാട് കടല്‍ഭിത്തി ഒരുങ്ങുന്നു. നിര്‍മാണത്തിന് ഗോശ്രീ ഐലൻഡ്സ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ(ജിഡ) ഫണ്ട് വിനിയോഗിക്കാന്‍ തീരുമാനമായി. 35 കോടി രൂപയാണ് ജിഡ ഇതിനായി അനുവദിച്ചിട്ടുള്ളത്.
ബാക്കി തുക ദേശീയ ദുരന്ത നിവാരണ ഏജന്‍സിയില്‍ നിന്ന് ലഭ്യമാക്കാനാണ് നീക്കം. കഴിഞ്ഞ ജൂണില്‍ ഉണ്ടായ രൂക്ഷമായ കടല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരവും നടത്തിയിരുന്നു.
ഇതിനുപുറമേ ചെറായി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹരം കാണുന്നതിനായി ചെറായി ദേവസ്വം നട ബൈപ്പാസ് നിര്‍മാണത്തിനും ജിഡ കൗണ്‍സില്‍ അംഗീകാരം നല്കി. പദ്ധതികള്‍ സംബന്ധിച്ച് അന്തിമരൂപം തയാറായി വരുന്നതായി കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ പറഞ്ഞു.