കണ്ണമാലിയിൽ നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു
1541400
Thursday, April 10, 2025 4:43 AM IST
പള്ളുരുത്തി: കണ്ണമാലിയിൽ അലഞ്ഞു തിരിഞ്ഞു നടന്ന തെരുവുനായയുടെ കടിയേറ്റ് നാലു പേർക്ക് പരിക്ക്. കണ്ണമാലി സ്വദേശികളായ കലയേഴത്ത് വീട്ടിൽ ബാബു, മുട്ടുങ്കൽ വീട്ടിൽ സേവ്യറിന്റെ ഭാര്യ ഫിലോമിന, പുളിയംപള്ളി വീട്ടിൽ സേവ്യർ, വർഗീസ് എന്നിവരെയാണ് നായ ആക്രമിച്ചത്.
ബുധനാഴ്ച പുലർച്ചെ അഞ്ചോടെ കണ്ണമാലി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ മുന്നിലായിരുന്നു നായയുടെ ആക്രമണം. പള്ളിയിൽ പോയവരെ യും ജോലിക്കു പോകാനായി ബസ് കാത്തുനിന്നവരെയുമാണ് നായ ആക്രമിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
രണ്ടാഴ്ച മുൻപ് മൂന്നു പേരെ തെരുവുനായ കടിച്ചിരുന്നു. നാട്ടുകാരുടെ നിർബന്ധ പ്രകാരം വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നായയെ പോസ്റ്റുമോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നായയ്ക്ക് പേവിഷബാധയുണ്ടെന്ന വിവരം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു.
ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ നായ ശല്യത്തിനെതിരെ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കടപ്പുറത്ത് അലഞ്ഞു തിരിയുന്ന നായകൾ ഭക്ഷണം കിട്ടാതാവുന്നതോടെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്.