മൂവാറ്റുപുഴയിൽ അരമണിക്കൂറിനിടെ കവർന്നത് മൂന്നു ബൈക്കുകൾ
1541397
Thursday, April 10, 2025 4:35 AM IST
മൂവാറ്റുപുഴ: ഒറ്റരാത്രിയിൽ മൂവാറ്റുപുഴ നഗരത്തിൽനിന്ന് അരമണിക്കൂറിനിടെ കവർന്നത് മൂന്നു ബൈക്കുകൾ. ചൊവ്വാഴ്ച പുലർച്ചെ ഒരേ റൂട്ടിൽ മൂന്നു കിലോമീറ്ററിനുള്ളിലാണ് വിലകൂടിയ ബൈക്കുകൾ മോഷണം പോയത്. ഇതിൽ ഒരെണ്ണം പിന്നീട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
മൂവാറ്റുപുഴ കടാതി നക്ഷത്ര ഓഡിറ്റോറിയത്തിനു സമീപം പുളിനാട്ട് ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 3.45 നാണ് മനോജിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കവർന്നത്. മോഷ്ടാക്കൾ പോർച്ചിൽനിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചുകൊണ്ടുപോകുന്നതും മറ്റ് ബൈക്കുകളിൽ നിന്നുള്ള ഹെൽമെറ്റെടുത്ത് ധരിക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
മോഷ്ടാക്കളിലൊരാൾ വെള്ളയും കറുപ്പും ചെക്ക് ഷർട്ടും പാന്റ്സും മറ്റൊരാൾ കറുത്ത ഷർട്ടും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. ഒരാൾ മുടി പിന്നിൽ കെട്ടിവച്ചിട്ടുണ്ട്. ഇരുവരും മാസ്ക് ധരിച്ചിരുന്നു. ഇതേ സംഘം തന്നെ നാലോടെ മേക്കടന്പിലെ കൊറിയർ സ്ഥാപനത്തിന് മുന്നിൽ നിന്നും സ്ഥാപന ഉടമ ക്രിസ്റ്റി ജോയിയുടെ ബൈക്കും മോഷ്ടിച്ചു.
മൂവാറ്റുപുഴ എൽഐസി ഓഫീസിനു മുന്നിൽ നിന്നാണ് മറ്റൊരു ബൈക്ക് കവർന്നത്. ഇത് 500 മീറ്റർ മാറി ഉപേക്ഷിച്ച നിലയിൽ കണ്ടെട്ടിയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മൂവാറ്റുപുഴ പോലീസ് അന്വേഷണമാരംഭിച്ചു.