വൈപ്പിനിൽ ചെമ്മീൻ കെട്ടുകലക്ക് തുടങ്ങി
1541396
Thursday, April 10, 2025 4:35 AM IST
വൈപ്പിൻ: വൈപ്പിൻ കരയിലെ വേനൽക്കാല ചെമ്മീൻ കെട്ടുകളിൽ മതസ്യത്തൊഴിലാളികളുടെ കെട്ടു കലക്കൽ തുടങ്ങി. ചെമ്മീൻ കെട്ടുകളുടെ കാലാവാധി തിങ്കളാഴ്ച വരെയുണ്ടെങ്കിലും അതുവരെ കാത്തു നിൽക്കാതെ കൈയേറി കലക്കി മത്സ്യബന്ധനം നടത്തുകയാണ്.
കുഴുപ്പിള്ളി പഞ്ചായത്തിലെ തുണ്ടിപ്പുറം പാടശേഖരത്തിലാണ് ഇന്നലെ ആദ്യമായി കൈയേറി കലക്കിയത്. ഇതറിഞ്ഞതോടെ പിന്നീട് ആളുകൾ എത്തി മറ്റു പല ചെമ്മീൻ കെട്ടുകളും കൈയേറി കലക്കുകയും ചെയ്തു.
പിലോപ്പി, കരിമീൻ, പൂമീൻ, മുള്ളൻ, കൂരി തുടങ്ങിയ മത്സ്യങ്ങളാണ് കെട്ടുകലക്കിൽ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം വലിയ വെള്ളപ്പൊക്കമായിരുന്നതിനാൽ ചെമ്മീൻ കർഷകർക്ക് ഇക്കുറി വൻ നഷ്ടമാണ്. വളർത്താൻ ഇട്ടിരുന്ന മത്സ്യകുഞ്ഞുങ്ങൾ ഭൂരിഭാഗവും വെള്ളപ്പൊക്കത്തിൽ ഒഴുകി പോയി. മാത്രമല്ല ചെമ്മീൻ കെട്ടുകാർക്ക് ഇക്കുറി പ്രതീക്ഷിച്ച രീതിയിലുള്ള തെള്ളി ചെമ്മീനുകൾ കിട്ടാതിരുന്നതും തിരിച്ചടിയായി.
സാധാരണ നവംബർ ഒന്നിന് ആരംഭിക്കുന്ന വേനൽക്കാല കെട്ടുകൾ ഏപ്രിൽ 14 നാണ് തീരുക. എന്നാൽ ഇത് എപ്രിൽ 30 വരെയെങ്കിലും നീട്ടിത്തരണമെന്നതാണ് ചെമ്മീൻ കർഷകരുടെ ആവശ്യം.
പക്ഷേ മത്സ്യത്തൊഴിലാളി സംഘടനകൾ ഇത് അംഗീകരിക്കാറില്ല. നിലമുടമകൾ നീട്ടി നൽകിയാലും മത്സ്യത്തൊഴിലാളികൾ കാലാവധിക്ക് മുന്നേ കൈയേറി കലക്കി പോകുന്നത് ഇവിടെ പതിവാണ്.