രണ്ടിടങ്ങളിലായി ലഹരി വേട്ട : ജില്ലയിൽ അഞ്ചുപേർ പിടിയിൽ
1541394
Thursday, April 10, 2025 4:35 AM IST
ആലുവ/അങ്കമാലി/മൂവാറ്റുപുഴ: ജില്ലയിൽ രണ്ടിടത്തായി നടത്തിയ ലഹരിവേട്ടയിൽ അഞ്ചുപേർ പിടിയിൽ. അങ്കമാലി അത്താണിയിൽ വച്ച് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന രണ്ട് ടൂറിസ്റ്റ് ബസുകളിൽ റൂറൽ ജില്ലാ ഡാൻസാഫ് ടീം നടത്തിയ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് 123 ഗ്രാം എംഡിഎംഎ പിടികൂടി. മൂവാറ്റുപുഴയിൽ എക്സൈസ് വകുപ്പ് നടത്തിയ ലഹരിവേട്ടയിൽ കഞ്ചാവും എംഡിഎംഎയും തോക്കുമായി മൂന്നുയുവാക്കളാണ് പിടിയിലായത്.
അത്താണിയിൽ ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിൽ ആലുവ ചൊവ്വര വെളിയത്ത് മിഥുനിൽനിന്ന് (35) 90 ഗ്രാമും ആലപ്പുഴ പൂന്തോപ്പ് വള്ളിയാട് വീട്ടിൽ ആൽബിൻ ഫ്രാൻസിസിൽനിന്ന് (19) 33 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു.
മിഥുൻ ഷൂവിലും ആൽബിൽ ഷോൾഡർ ബാഗിലുമാണ് രാസലഹരി സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ദേശീയപാതയിൽ അങ്കമാലി അത്താണിയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മിഥുൻ പിടിയിലായത്. സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരാണ് ഇവരെന്ന് പോലീസിന് വിവരം ലഭിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി മാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർമാരായ സാബു ജി. മാസ്, എ. രമേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.
മൂവാറ്റുപുഴയിൽ പേഴയ്ക്കപ്പള്ളി ആയിരുമല ഷാലിം ഷാജി (28), പുന്നൊപ്പടി പുത്തന്‍പുര കിഴക്കേകുടിയില്‍ ഹരീഷ് (27), കടാതി തറവേലി സജിന്‍ (37) എന്നിവരാണ് പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വില്പനയ്ക്കായെത്തിച്ച രാസലഹരിയുമായാണ് പ്രതികള്‍ പിടിയിലായത്. ഇവരിൽ നിന്നും 3.28 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം കഞ്ചാവ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു തോക്ക് എന്നിവ പിടികൂടി. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.എ. നിയാസ്, ഇ.എ. അസീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഇ. ഉമ്മര്‍, എം.എം. ഷബീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ബി. മാഹിന്‍, നൗഷാദ്, ബിജു ഐസക്, പി.എന്‍. അനിത, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.