കാവന-അരിക്കുഴ റോഡ് ബിഎംബിസി നിലവാരത്തിലേക്ക്
1541388
Thursday, April 10, 2025 4:25 AM IST
വാഴക്കുളം: കാവന-അരിക്കുഴ റോഡ് ബിഎംബിസി നിലവാരത്തിലേക്ക്. വാഴക്കുളം ടൗണിൽനിന്ന് കാവന പുളിക്കായത്ത് കടവ് വഴി അരിക്കുഴ മഠം കവല വരെയുള്ള റോഡാണ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നത്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യപ്രകാരം കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നുള്ള 2.60 കോടി വിനിയോഗിച്ചാണ് റോഡ് നവീകരണം.
റോഡ് ടാറിംഗിനു പുറമേ കാവന കുരിശുപള്ളിക്കു സമീപമുള്ള പാറ നീക്കം ചെയ്ത് വീതി കൂട്ടുന്നതും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതിനാൽ കഠിനമായ വേനൽ കഴിഞ്ഞ് ജലലഭ്യത ഉറപ്പാക്കിയേ ഈ ഭാഗത്ത് റോഡ് നവീകരണം നടത്താൻ സാധ്യതയുള്ളൂ.
വാഴക്കുളം ടൗണിൽ നിന്നുള്ള ഭാഗത്ത് ടാറിംഗ് ഇന്നലെ ആരംഭിച്ചു. നവീകരണ ജോലികൾ അവസാനിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കല്ലൂർക്കാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.