ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
1541387
Thursday, April 10, 2025 4:25 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആറൂർ സ്കൂളിനു സമീപം വളവിൽ ചൊവ്വ രാത്രി 11.30ഓടെയാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ കല്ലൂർക്കാട് കരിന്പനയ്ക്കൽ രാജൻ, യാത്രക്കാരൻ ഈന്തയ്ക്കൽ സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
മലയാറ്റൂരിൽനിന്നും കറിപ്പൊടികളുമായി പോയ ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും നേർക്കുനേർ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിനിടെ ലോറിയുടെ പിന്നിൽ കാറും ഇടിച്ചു.
വിമാനത്താവളത്തിൽനിന്നു കുറവിലങ്ങാടേയ്ക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. സ്ഥലത്തെത്തിയ കൂത്താട്ടുകുളം, മൂവാറ്റുപുഴ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് ഓട്ടോറിക്ഷയിൽനിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ പിന്നീട് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.