കുട്ടന്പുഴയിലെ ഗിരിവർഗ സങ്കേതങ്ങളിൽ സുഗന്ധ വ്യഞ്ജന ഗ്രാമം പദ്ധതി തുടങ്ങി
1541384
Thursday, April 10, 2025 4:25 AM IST
കോതമംഗലം: ഗിരിവർഗ സങ്കേതങ്ങളിലുള്ളവർക്ക് വരുമാന വർധനവ് ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ള സുഗന്ധ വ്യഞ്ജനഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുട്ടന്പുഴ പഞ്ചായത്തിലെ 12 ഗിരിവർഗ സങ്കേതങ്ങളിൽ മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്ത് വിതരണം നടത്തി പദ്ധതി ആരംഭിച്ചു.
കുട്ടന്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം മേട്നാപാറ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം ചെലവഴിച്ചാണ് ജില്ലയിലെ 13 ഗിരിവർഗ സങ്കേതങ്ങളിൽ സുഗന്ധവ്യഞ്ജനഗ്രാമം പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ആദ്യ ഘട്ടമായി പൊങ്ങൻചുവട് സങ്കേതത്തിൽ വിത്ത് വിതരണം ചെയ്തിരുന്നു. 13 ഗിരിവർഗ സങ്കേതങ്ങളിലായി 60 ഏക്കർ സ്ഥലത്താണ് സുഗന്ധവ്യഞ്ജന കൃഷിയിറക്കുന്നത്.