അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
1541382
Thursday, April 10, 2025 4:25 AM IST
മൂവാറ്റുപുഴ: കേരള സർക്കാർ നടപ്പാക്കിയ അന്യായമായ കോർട്ഫീ വർധനയിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിലെ മുഴുവൻ അഭിഭാഷകരും ഇന്നലെ കോടതി നടപടികളിൽ പങ്കെടുക്കാതെ ബഹിഷ്കരിച്ചു. മറ്റ് സംസ്ഥാനങ്ങളെക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെന്നും ഇപ്പോഴത്തെ അന്യായ വർധന നീതിന്യായ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.
നിലവിൽലുള്ളതിനേക്കാൾ അഞ്ചു മുതൽ പത്തിരട്ടി വരെയാണ് ശരാശരി കോർട്ട് ഫീ വർധന. എല്ലാ കോടതി വ്യവഹാര മേഖലയിലും ഇത് പ്രതിഫലിക്കും. കോടതിയെ സമീപിക്കുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. 2025 ഏപ്രിൽ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നിട്ടുള്ളത്. കോടതി ബഹിഷ്കരിച്ച അഭിഭാഷകർ നഗരത്തിൽ പ്രകടനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് ആമുഖപ്രഭാഷണം നടത്തി.
കോലഞ്ചേരി: അന്യായവും അശാസ്ത്രീയവുമായ കോർട്ട് ഫീസ് വർധനവിനെതിരെ കോലഞ്ചേരി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ കോടതി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. കോടതി നടപടികൾ ആരംഭിക്കേണ്ട 11ന് ബാർ അസോസിയേഷനിൽ കൂടിയ അഭിഭാഷകർ വിഷയത്തിൽ പ്രതിഷേധ യോഗം ചേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് ചാൾസ് ടി. ഡേവിഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.