‘ആലുവ-മൂന്നാർ രാജപാത ഗതാഗതത്തിനായി തുറക്കണം’ : കോതമംഗലം താലൂക്ക് വികസന സമിതി യോഗം
1541380
Thursday, April 10, 2025 4:25 AM IST
കോതമംഗലം: ആലുവ - മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിലാണ് വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ. ആലുവ - മൂന്നാർ രാജപാതയുടെ ഭാഗമായ കോതമംഗലം- പെരുന്പൻകുത്ത് റോഡ് നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിലുള്ളതും വനം വകുപ്പിന് യാതൊരു അവകാശം ഇല്ലാത്തതുമാണ്. ഈ റോഡാണ് അനധികൃതമായി വനം വകുപ്പ് പൂയംകുട്ടിക്ക് സമീപം അടച്ചിട്ടുള്ളത്.
വടാട്ടുപാറ - പലവൻപടി പുഴയിൽ നിരവധി മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് യോഗം തഹസിൽദാർമാരെ ചുമതലപ്പെടുത്തി. കോതമംഗലം ടൗണിൽ വിവിധ വേദികളിലായി നടക്കുന്ന കേരളോത്സവം വിജയകരമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് യോഗം നിർദേശിച്ചു.
കോതമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിംഗ്, ഹാംഗിംഗ് ഫെൻസിംഗ്, ട്രഞ്ചിംഗ് ഉൾപ്പെടെയുള്ള വർക്കുകളുടെ സമയബന്ധിതവും കാര്യക്ഷമമായുമുള്ള പൂർത്തീകരണം ബന്ധപ്പെട്ട ഡിഎഫ്ഒമാർ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. അനിൽകുമാർ, നഗരസഭാധ്യക്ഷൻ ടോമി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ചന്ദ്രശേഖരൻ നായർ, എം.പി ഗോപി, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ നൗഷാദ്, എം.എസ് എൽദോസ്, പി.ടി ബെന്നി, എ.ടി പൗലോസ്, തോമസ് വട്ടപ്പാറയിൽ, സാജൻ അന്പാട്ട്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.