ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർത്തിവച്ച ബോട്ട് സർവീസ് ഇന്നാരംഭിക്കും
1541379
Thursday, April 10, 2025 4:20 AM IST
കോതമംഗലം: ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ 10 മാസമായി നിർത്തിവച്ചിരുന്ന ബോട്ട് സർവീസ് ഇന്ന് പുനരാരംഭിക്കും. പെർമിറ്റ് പുതുക്കി നൽകണമെന്ന ബോട്ട് ഉടമകളുടെ അപേക്ഷ അംഗീകരിച്ച് ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ഉത്തരവ് നൽകുകയായിരുന്നു.
ജൂണ് 10 വരെയാണ് പെർമിറ്റിന്റെ പുതുക്കിയ കാലാവധി. 10 ബോട്ടുകളാണ് ഇവിടെയുള്ളത്. ഇതിൽ എട്ട് ബോട്ടുകൾക്കാണ് പെർമിറ്റ് പുതുക്കികിട്ടിയിരിക്കുന്നത്. അഞ്ച് ചെറിയ ബോട്ടുകളും മൂന്ന് വലിയ ബോട്ടുകളുമാണ് ഇതിലുള്ളത്. ഇന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് ഉടമകൾ അറിയിച്ചു.
ഇപ്പോഴത്തെ ടൂറിസം സീസണ് ആരംഭിച്ചശേഷവും ബോട്ട് സർവീസ് ആരംഭിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഭൂതത്താൻകെട്ടിലെ മുഖ്യാകർഷണമായ ബോട്ട് സവാരിക്ക് അവസരമില്ലാത്തതിൽ സഞ്ചാരികൾ നിരാശയോടെയാണ് മടങ്ങിയിരുന്നത്.
ഭൂതത്താൻകെട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കന്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട നടപടികളാണ് നേരത്തെ ബോട്ട് സർവീസ് ആരംഭിക്കുന്നതിന് തടസമായത്.
ബോട്ട് സവാരി നടത്തുന്നതുൾപ്പടെയുള്ള സേവനങ്ങൾ ഈ കന്പനിക്കാണുള്ളത്. ബോട്ട് ഉടമകൾക്ക് സവാരി ആരംഭിക്കാൻ കന്പനിയോ ജലസേചനവകുപ്പോ അനുമതി നൽകാൻ തയാറായതുമില്ല. ഇപ്പോൾ വിവിധ കോണുകളിൽനിന്ന് ശക്തമായ സമ്മർദമുണ്ടായതോടെയാണ് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകാൻ ജലസേചന വകുപ്പ് തയാറായത്.
സർക്കാർ പ്ലീഡറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ടൂറിസവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളിലെ വിധിക്ക് വിധേയമായിരിക്കും പെർമിറ്റ് പുതുക്കൽ നടപടിയെന്ന് ചീഫ് എൻജിനീയറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.