പ്രിസൺ ഓഫീസർക്കു മർദനമേറ്റ സംഭവം: പ്രതികൾക്കെതിരെ കേസെടുത്തു
1541375
Thursday, April 10, 2025 4:20 AM IST
കാക്കനാട്: എറണാകുളം ജില്ലാ ജയിലിലെ തടവുകാര്‍ക്കിടയിലുണ്ടായ ഏറ്റുമുട്ടല്‍ ചോദ്യം ചെയ്ത അസി. പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന്റെ കൈയൊടിച്ച സംഭവത്തില്‍ രണ്ട് തടവുകാര്‍ക്കെതിരെ കേസെടുത്തു.
റിമാന്‍ഡ് പ്രതികളും സഹോദരങ്ങളുമായ അജിത് ഗണേശന്, അഖില്‍ ഗണേശന് എന്നിവര്‍ക്കെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. സഹ തടവുകാരനെ ആക്രമിച്ചതിനെ കുറിച്ച് ചോദിക്കാന്‍ ഓഫീസിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്നു ഗാര്‍ഡ് ഓഫീസര്‍ വിനോദ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ശംഭുനാഥ് എന്നിവരെ കൈയേറ്റം ചെയ്യുന്നതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോഴാണ് അഖില്‍ മോഹനെ ആക്രമിച്ചത്.
പ്രതികള്‍ അഖിലിനെ മര്‍ദിച്ച ശേഷം താഴേക്കു തള്ളിയിട്ടതോടെ ഭിത്തിയില്‍ ഇടിച്ചു വീണ വലതു കൈ ഒടിയുകയായിരുന്നു. ബഹളം കൂട്ടി ലോക്കപ്പ് മുറി തുറപ്പിച്ചു പുറത്തിറങ്ങിയാണ് രണ്ടാം പ്രതിയും ആക്രമിച്ചത്.
ഇക്കഴിഞ്ഞ ഫ്രെബുവരിയില്‍ മോഷണക്കേസിലാണ് സഹോദരങ്ങളായ പ്രതികളെ അമ്പലമേട് പോലീസ് പിടികൂടുന്നത്. പ്രതികള്‍ സ്റ്റേഷന് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസുകളിൽ ഉള്‍പ്പെടെയാണ് റിമാന്‍ഡിലായത്.