ഇടക്കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ട്: പരിഹാര നടപടികൾക്ക് അനുമതിയെന്ന് എംഎൽഎ
1541374
Thursday, April 10, 2025 4:20 AM IST
ഇടക്കൊച്ചി: ഇടക്കൊച്ചി മേഖലയിലെ വേലിയേറ്റ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സംരക്ഷണഭിത്തിയും സ്ലുയിസും നിർമിക്കുന്നതിന് വിഭജിച്ചു ടെൻഡർ ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ പദ്ധതിക്ക് സർക്കാർ അനുമതിയായെന്ന് കെ. ബാബു എംഎൽഎ അറിയിച്ചു.
പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളം പ്രദേശങ്ങളിൽ കായൽ വേലിയേറ്റം തടയുന്നതിന് സംരക്ഷണ ഭിത്തിയും, സ്ലുയിസും നിർമിക്കുന്നതിന് 4.85 കോടി രൂപയുടെ പ്രവർത്തിയാണ് ഇറിഗേഷൻ വകുപ്പ് തയാറാക്കിയത്.
മൂന്നുതവണ ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കാൻ കരാറുകാർ ആരും തയാറാകാത്ത സാഹചര്യത്തിലാണ് ഈ പ്രവർത്തി മൂന്നായി വിഭജിച്ച് ടെൻഡർ ചെയ്യുവാൻ തീരുമാനിച്ചതെന്ന് കെ. ബാബു എംഎൽഎ അറിയിച്ചു.
നഗരസഭ 16ാം വാർഡിൽ സംരക്ഷണ ഭിത്തിയും സ്ലുയിസും നിർമിക്കുന്നതിന് 1.181 കോടി രൂപയുടെ പദ്ധതിയാണുള്ളത്. ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ് എന്നീ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമിക്കുന്നതിന് 3.34 കോടി രൂപയുടെ എസ്റ്റിമേറ്റും ഇറിഗേഷൻ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ പദ്ധതി ടെൻഡർ നടത്തുമെന്ന് കെ. ബാബു എംഎൽഎ അറിയിച്ചു.