പെരുമ്പടപ്പിൽ ശുദ്ധജല പൈപ്പിലൂടെ മലിനജലം
1541365
Thursday, April 10, 2025 4:11 AM IST
പള്ളുരുത്തി: കുടിവെള്ള പൈപ്പിലൂടെ ദുർഗന്ധമുള്ള വെള്ളം മൂലം ദുരിതത്തിലായി പെരുമ്പടപ്പ് പ്രദേശവാസികൾ. പെരുമ്പടപ്പ് ശ്രീനാരായണ റോഡിന് തെക്കോട്ട് ശംഖുതറ ലൈൻ, കുപ്പക്കാട്ട് ലൈൻ തുടങ്ങിയ പ്രദേശങ്ങളിലാണ് പൈപ്പിലൂടെ മലിനജലം എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി നല്ല വെള്ളമില്ലാതെ മലിനജലം മാത്രമായി പൈപ്പിലൂടെ എത്തുന്നതിനാൽ വലയുകയാണ് നാട്ടുകാർ.
കുമ്പളങ്ങി കായലിനോട് ചേർന്നുള്ള പെരുമ്പടപ്പിന്റെ തെക്കൻ മേഖലയിലാണ് ഈ ദുരവസ്ഥ. ജല അഥോറിറ്റിയിൽ നാട്ടുകാർ നിരന്തരം പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പണം കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
കൊച്ചി കോർപറേഷന്റെ കാനകളിലൂടെയും തോടുകളിലൂടെയുമാണ് കുടിവെള്ള പൈപ്പുകൾ കടന്നു പോകുന്നത്. കാലപ്പഴക്കത്താൽ പൈപ്പുകൾ തകർന്നതാണ് മലിനജലം കുടിവെള്ള പൈപ്പുകളിലേക്ക് കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.