റോഡിൽ മാലിന്യം നിക്ഷേപിച്ചയാളിൽ നിന്നും പിഴയീടാക്കി
1541362
Thursday, April 10, 2025 4:11 AM IST
ഉദയംപേരൂർ: റോഡിൽ മാലിന്യം തള്ളിയ ആളിൽ നിന്നും പിഴയീടാക്കി. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ നടക്കാവ് -മുളന്തുരുത്തി റോഡിലാണ് കഴിഞ്ഞ ദിവസം മാലിന്യ നിക്ഷേപം കണ്ടത്. ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. ജിസ്മിയുടെ നേതൃത്വത്തിൽ മാലിന്യമടങ്ങിയ കവറുകൾ പരിശോധിച്ചതിൽ നിന്നും തമ്മനത്ത് നിന്നുള്ള വ്യക്തിയുടെ മേൽവിലാസം ലഭിച്ചതിനെ തുടർന്ന് ഫൈൻ ഈടാക്കി നോട്ടീസ് നൽകുകയായിരുന്നു.
തുടർന്ന് തമ്മനം സ്വദേശി പഞ്ചായത്തിലെത്തി 7,000 രൂപ പിഴയടച്ചു. പഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡ് നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവരെ കണ്ടെത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് സജിത മുരളി അറിയിച്ചു.