ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ വീട്ടുടമയെ രക്ഷപ്പെടുത്തി
1541361
Thursday, April 10, 2025 4:11 AM IST
ആലങ്ങാട്: വീട്ടുവളപ്പിലെ കിണറ്റിൽ വീണുചത്ത പൂച്ചയെ എടുത്തു കളയാനായി ഇറങ്ങിയ വീട്ടുടമ കിണറ്റിൽ കുടുങ്ങി. കിണറ്റിനുള്ളിൽ കുടുങ്ങിയ വീട്ടുടമ രക്ഷാപ്രവർത്തനത്തിനിടെ അബോധാവസ്ഥയിലായി. ആലങ്ങാട് നീറിക്കോട് സ്വദേശി നെടുകപ്പിള്ളി വീട്ടിൽ ജോഷിയാണു (52) കിണറ്റിൽ കുടുങ്ങിയത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പൂച്ച കിണറ്റിൽ ചത്തുകിടക്കുന്നതു കണ്ടാണു ജോഷി എടുത്തുകളയാൻ കിണറ്റിലിറങ്ങിയത്. എന്നാൽ ശ്വാസംമുട്ടലുള്ള ജോഷിക്ക് കിണറ്റിൽ നിന്നു കയറാൻ സാധിച്ചില്ല. തുടർന്നു കയറിൽ പിടിച്ചു കിടന്നു. ജോലി കഴിഞ്ഞു എത്തിയ ഭാര്യയാണ് കിണറ്റിൽ ജോഷി കിടക്കുന്നത് കണ്ടത്.
ഉടനെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പറവൂരിൽ നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി വല ഉപയോഗിച്ചാണ് ജോഷിയെ രക്ഷപ്പെടുത്തിയത്. ചത്തപൂച്ചയെ കിണറ്റിൽ നിന്നു എടുത്തു കളയുകയും ചെയ്തു. തുടർന്നു ജോഷിയെ പറവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.