ആലുവയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ വിഫലം : ലോട്ടറി സ്റ്റാൾ ഉടമകൾ വീണ്ടും മെട്രോ നടപ്പാത കൈയേറി
1541360
Thursday, April 10, 2025 4:11 AM IST
ആലുവ: ദേശീയപാതാ ഫ്ലൈ ഓവറിന് താഴെ സർവീസ് റോഡിലും മെട്രോ നടപ്പാതയിലും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പിന്നാലെ വീണ്ടും കൈയേറ്റം. കെഎംആർഎൽ വീണ്ടെടുത്ത സ്ഥലത്ത് നിന്ന് ഒഴിവാക്കിയ എട്ടോളം ലോട്ടറി സ്റ്റാളുകളാണ് തൊട്ടടുത്ത് തന്നെ മെട്രോ നടപ്പാത കൈയേറി പുന:സ്ഥാപിച്ചത്.
ഒരാഴ്ച്ച മുമ്പ് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മെട്രോ പില്ലർ 21 ന് അടുത്ത് സ്ഥലം കൈയേറി സ്ഥാപിച്ച സ്റ്റാളുകൾ മാറ്റാൻ ആലുവ നഗരസഭ പൊതുമരാമത്ത് വിഭാഗം ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. സിഐടിയു കൊടികൾ കുത്തിയാണ് ഒഴിപ്പിക്കൽ ശ്രമം തടഞ്ഞത്.
എന്നാൽ കഴിഞ്ഞ രാത്രി കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ സ്ഥലം ബാരിക്കേഡ് കെട്ടി തിരിച്ചു. എടുത്തു മാറ്റിയ ലോട്ടറി സ്റ്റാളുകൾ തൊട്ടടുത്ത പില്ലറിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. നടപ്പാതയുടെ പകുതിയോളം കൈയേറിയാണ് തട്ടുകൾ വച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ആലുവ നഗരസഭ, ദേശീയപാതാ അഥോറിറ്റി, കൊച്ചി മെട്രോ എന്നിവർ സംയുക്തമായും അല്ലാതെയും അപകട സാധ്യത ഉള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കൽ നടത്തിയിട്ടും അനധികൃത കടകൾ തിരിച്ചു വരുന്നതായാണ് പരാതി. രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ പിന്തുണയെന്ന് ആരോപണമുണ്ട്.
ദേശീയപാത സർവീസ് റോഡ് കൈയേറിയ കടകൾ ഒഴിപ്പിച്ചെങ്കിലും വീണ്ടും ഇവിടെ കൈയേറ്റം തിരിച്ചു വന്നു തുടങ്ങി. പഴവർഗങ്ങൾ വിൽക്കുന്ന കടയാണ് തിരിച്ചു വന്നിരിക്കുന്നത്. ഈ മേഖലയിൽ ഏഴോളം കടകളാണ് കഴിഞ്ഞ മാസം ആലുവ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്.
അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തവരെ നഗരസഭയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റും ചെയ്തു. അതേ സമയം ദേശീയപാത മേൽപ്പാലത്തിനടിയിൽ നിന്ന് ഒഴിപ്പിച്ച കടകൾ ഇതുവരെയും തിരിച്ചു വന്നിട്ടില്ല. നഗരസഭയുടെ പേ ആൻഡ് പാർക്ക് കരാർ അവസാനിച്ചതോടെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ സ്ഥലം കൈയടക്കിയിരിക്കുകയാണ്.