അനധികൃത മണ്ണെടുപ്പിനായി എത്തിയ ടിപ്പർ സ്കൂട്ടർ യാത്രക്കാരന്റെ ജീവനെടുത്തു
1541227
Wednesday, April 9, 2025 10:47 PM IST
കിഴക്കന്പലം: അനധികൃത മണ്ണെടു പ്പിനായി എത്തിയ ടിപ്പർ സ്കൂട്ടർ യാത്രക്കാരന്റെ ജീവനെടുത്തു. വിലങ്ങ് അന്പലപ്പടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. വിലങ്ങ് തച്ചൻകോട്ട്പുത്തൻപുര ടി.പി. ദിവാകരൻ (56) ആണ് മരിച്ചത്.
തൈക്കാവിന് സമീപം നടക്കുന്ന അനധികൃത മണ്ണെടുപ്പ് സ്ഥലത്തുനിന്നും കിഴക്കന്പലം ഭാഗത്തേക്ക് പോയ ടിപ്പർ ഡ്രൈവർക്ക് വഴി തെറ്റിയതോടെ ടിപ്പർ തിരിക്കാൻ അശ്രദ്ധമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. ടിപ്പറിന് തൊട്ടുപിന്നിൽ ദിവാകരൻ ഓടിച്ച സ്കൂട്ടറായിരുന്നു. ലോറിയുടെ പിൻചക്രങ്ങളിൽ കുടുങ്ങിയ ദിവാകരൻ തൽക്ഷണം മരിച്ചു.
മരപ്പണിക്കാരനായ ദിവാകരൻ പഞ്ചായത്ത് ഓഫീസിൽ പോയി തിരിച്ചുവരും വഴിയാണ് അപകടമുണ്ടായത്. എസി കാബിനുള്ള ലോറിയിൽ ഇരുന്ന ഡ്രൈവർ അപകടം അറിയാതെ ലോറി തിരിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചത് നാട്ടുകാർ തടയുകയായിരുന്നു. അപകട സ്ഥലത്തുനിന്നും മൃതദേഹം ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ: മിനി. മക്കൾ: ദേവിക, ദർശന. മരുമകൻ: നിഥിൻ.