ആലുവ നഗരസഭാ ശതാബ്ദി ആഘോഷം : യഥാർഥ കണക്കുകൾ കൈമാറണം: ഇന്റേണൽ വിജിലൻസ്
1537802
Sunday, March 30, 2025 4:07 AM IST
ആലുവ : നൂറു വർഷം തികഞ്ഞ പേരിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ യഥാർഥ വരവ് ചെലവ് കണക്കുകൾ ആലുവ നഗരസഭാ സെക്രട്ടറിക്ക് കൈമാറാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് ഉത്തരവ്. കണക്കുകളുടെ രസീത് ബുക്ക്, ചെലവ് വൗച്ചറുകൾ, ബാങ്ക് പാസ് ബുക്ക് തുടണ്ടിയവ നഗരസഭാ സെക്രട്ടറിയെ ശതാബ്ദി ആഘോഷ കമ്മിറ്റി ഏൽപ്പിക്കാനാണ് നിർദ്ദേശം.
ബിജെപി ആലുവ മുനിസിപ്പൽ കൗൺസിലർ എൻ. ശ്രീകാന്തിന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്. ആലുവ നഗരസഭ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, നഗരസഭാ കൗൺസിൽ എന്നിവരുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ ഓഫീസർ ശുപാർശ ചെയ്തു.
ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷ കമ്മിറ്റി രൂപീകരിച്ചത് 2021 ഒക്ടോബറിലാണ്. ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങി ലക്ഷങ്ങൾ സംഭാവന കിട്ടിയിട്ടും ആലുവ നഗരസഭാ കൗൺസിലിന്റെ അംഗീകാരം വാങ്ങിയിട്ടില്ലെന്ന് ഇന്റേണൽ വിജിലൻസ് കണ്ടെത്തി. വിവാദമായപ്പോൾ നഗരസഭ സെക്രട്ടറിയ്ക്ക് സ്വകാര്യ ഓഡിറ്റർ തയാറാക്കിയ വരവ് ചെലവ് സ്റ്റേറ്റ്മെന്റ് നൽകി പ്രശ്നം ഒതുക്കാനും ശ്രമം നടന്നു.
അനുബന്ധ രേഖകൾ, രസീത് ബുക്കുകൾ തുടങ്ങിയവ കൈമാറിയതുമില്ല. നഗരസഭയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് കൗൺസിലർമാരല്ലാത്തവർ കൈകാര്യം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗികമായി ആലുവ നഗരസഭയിലെ പ്രതിപക്ഷം ശതാബ്ദിയാഘോഷങ്ങൾ ബഹിഷ്കരിച്ചിരുന്നു. എന്നാൽ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ പ്രതിപക്ഷത്തെ ഇടത് മുന്നണി, ബിജെപി കൗൺസിലർമാർ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ചെയർസ്ഥാനാർഥിയായി മത്സരിച്ചയാളെ ശതാബ്ദിയാഘോഷ കൺവീനർ ആക്കിയത് ഇടതു മുന്നണിയെ വെട്ടിലാക്കുകയും ചെയ്തു.
ശതാബ്ദി കമ്മിറ്റിക്കെതിരേ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് പ്രതിപക്ഷം കൂടി മറുപടി പറയേണ്ട അവസ്ഥ വന്നിരിക്കുകയാണ്.