അജ്ഞാതൻ വീടിനു തീയിട്ടു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1515518
Wednesday, February 19, 2025 4:04 AM IST
വൈപ്പിൻ: രാത്രിയിലെത്തിയ അജ്ഞാതൻ ജനലിനുള്ളിലൂടെ വീടിനു തീയിട്ടു. ഇന്നലെ പുലർച്ചെ ഒന്നരയോടെ എളങ്കുന്നപ്പുഴ വളപ്പ് കാർമൽ സ്കൂളിനു സമീപം താമസിക്കുന്ന ജ്യോതി ലബോറട്ടറീസ് ഉൽപ്പന്നങ്ങളുടെ വിതരണക്കാരനായ ചൂതൻ പറമ്പിൽ ജോൺസന്റെ വീടിനാണ് തീയിട്ടത്.
തീ ആളിപ്പടർന്ന് വീടിനകത്തെ ഓഫീസ് മുറിയിലെ രണ്ട് കംപ്യൂട്ടറുകൾ, ടിവി, മറ്റു ബിസിനസ് രേഖകൾ, വീട്ടുസാമഗ്രികൾ, വീടിന്റെ ആധാരം എന്നിവയെല്ലാം കത്തിനശിച്ചു.
വീട്ടിനകത്ത് ഓഫീസ് മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജോൺസൺ രൂക്ഷഗന്ധം അനുഭവപ്പെട്ടാണ് എഴുന്നേറ്റത്. ഈ സമയം പുറത്ത് ജനാല വഴി ഒരാൾ എന്തിലോ തീ കൊളുത്തി അകത്തേക്ക് എറിയുന്നതാണ് കണ്ടത്. ഞൊടിയിടക്കുള്ളിൽ അഗ്നി ആളിപ്പടർന്നു .
ഈ സമയം മറ്റൊന്നും നോക്കാതെ വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന പ്രായമായ അമ്മയെയും, ഭാര്യയെയും മകളെയും വിളിച്ചുണർത്തി രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഒച്ചവച്ചപ്പോൾ അയൽവാസികൾ ഉണർന്ന് തീ കെടുത്താനുള്ള ശ്രമം തുടങ്ങി.
ഇതിനിടെ സംഭവമറിഞ്ഞ് മാലിപ്പുറം ഫയർ ഫോഴ്സിൽ നിന്ന് അഗ്നിശമന സേന എത്തി തീ പൂർണ്ണ കെടുത്തിയതിനാൽ മറ്റു ദുരന്തങ്ങൾ ഒഴിവായി.
തീ പടർന്നു പിടിച്ചിരുന്നെങ്കിൽ വീടിനു മുന്നിലെ ഷീറ്റ് മേഞ്ഞ മുറ്റത്ത് വിതരണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന ജ്യോതി ലബോറട്ടറീസ് ഉൽപ്പന്നങ്ങളും വീടിനു മുന്നിൽ കിടന്നിരുന്ന കാരിയർ വാഹനവുമുൾപ്പെടെ കത്തി നശിക്കുമായിരുന്നു. സംഭവ മറിഞ്ഞ് ഇന്നലെ രാവിലെ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ സ്ഥലത്തെത്തിയിരുന്നു.
വധശ്രമമെന്ന് വീട്ടുടമ; ഇതു രണ്ടാം വട്ടം
വൈപ്പിൻ: വീടിനു തീ കൊളുത്തിയ സംഭവം വധശ്രമമെന്ന് വീട്ടുടമ ജോൺസൺ പോലീസിനു മൊഴി നൽകി. കഴിഞ്ഞ മാസം 23 നും തന്റെ നേരെ വധശ്രമം നടന്നിരുന്നു. അത് വിജയിക്കാതെ വന്നപ്പോഴാണ് വീണ്ടും ശ്രമം നടന്നതെന്നാണ് ജോൺസൺ പറയുന്നത്. കഴിഞ്ഞ 23 ന് രാത്രി നായരമ്പലത്ത് വച്ച് ബൈക്കിലെത്തിയ ഹെൽമെറ്റ്ധാരികളായ രണ്ടംഗ അജ്ഞാത സംഘം തന്റെ ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു.
ആക്രമണം തടഞ്ഞതിനാൽ കൈയ്ക്കാണ് അന്ന് പരിക്കേറ്റത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിനും പരിക്കേറ്റു. അന്ന് പോലീസിൽ പരാതി നൽകിയിരുന്നുവെന്നും ജോൺസൺ പറയുന്നു.
സംഭവ സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലാതിരുന്നതിനാൽ പോലീസിനു ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേ സമയം ബിസിനസ് രംഗത്തോ, മറ്റു മേഖലകളിലോ പ്രത്യക്ഷത്തിൽ തനിക്ക് ശത്രുക്കൾ ഇല്ലെന്നാണ് ജോൺസന്റെ മൊഴിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കത്തിയ വീട് പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തിന്റെ സഹായം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ആവശ്യപ്പെട്ടു.