ആയുർവേദീയം എക്സ്പോയും സൗജന്യ മെഡിക്കൽ ക്യാന്പും
1515929
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആയുർവേദീയം എക്സ്പോയും സൗജന്യ മെഡിക്കൽ ക്യാന്പും സ്പോർട്സ് സെമിനാറും സംഘടിപ്പിക്കും. 22ന് രാവിലെ 9.30ന് മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടക്കുന്ന എക്സ്പോ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർമാൻ പി.പി. എൽദോസ് മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ എക്സിബിഷൻ, ഔഷധ സസ്യ പ്രദർശനം, മില്ലറ്റ്സ് പ്രദർശനവും വിപണനവും വിവിധതരം ആയുർവേദ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നിവ ആയുർവേദീയം എക്സ്പോയിൽ ഉണ്ടാകും. പതിനഞ്ചോളം സ്പെഷാൽറ്റി വിഭാഗങ്ങളിൽ പത്തോളം സ്ഥാപനങ്ങളിൽനിന്ന് വിദഗ്ധ ഡോക്ടർമാർ മെഡിക്കൽ ക്യാന്പിൽ എത്തുന്നവരെ പരിശോധിച്ച് രോഗനിർണയവും ചികിത്സയും നടത്തും.
‘പ്രഫഷണൽ സ്പോർട്ട്സിൽ ആയുർവേദത്തിനുള്ള പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഇരുപതോളം കായിക വിദ്യാലയങ്ങൾ പങ്കെടുക്കും. മാത്യൂസ് വെന്പള്ളി സെമിനാർ നയിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി മെഡിക്കൽ ക്യാന്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മരുന്നുകൾ സൗജന്യമായിരിക്കും. കൂടാതെ സൗജന്യ അസ്ഥി സാന്ദ്രത നിർണയ പരിശോധന, യൂറിക് ആസിഡ്, വെരിക്കോസ് വെയിൻ പരിശോധനകൾ എന്നിവയും ക്യാന്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫോൺ: 9656769876.