കരുമാലൂരിൽ മോഷ്ടാക്കൾ വിലസുന്നു
1515906
Thursday, February 20, 2025 3:49 AM IST
കരുമാലൂർ: കരുമാലൂരിലും പരിസര പ്രദേശങ്ങളിലും തുടരെ മോഷണങ്ങൾ. കരുമാലൂർ മരോട്ടിച്ചുവട് നെല്ലിക്കപ്പറമ്പിൽ ശശിയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ രണ്ടോടെ മോഷ്ടാക്കൾ എത്തിയത്.
കമ്പിപ്പാര കൊണ്ടു ജനലിന്റെ കമ്പി അകത്തിയാണു വീടിനുള്ളിൽ കയറാൻ ശ്രമം നടത്തിയത്. എന്നാൽ ശബ്ദം കേട്ടു വീട്ടുകാർ ഉണരുകയും ലൈറ്റിട്ടു ബഹളം വയ്ക്കുകയും ചെയ്തതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയും ചെയ്തു.
സമീപത്തെ വീടുകൾക്ക് അരികിലും മോഷ്ടാവിനെ കണ്ടതായി നാട്ടുകാർ പറയുന്നു. ആലങ്ങാട് പോലീസെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചില്ല.
കഴിഞ്ഞദിവസം കരുമാലൂർ മനയ്ക്കപ്പടി ഭാഗത്തു വീടിന്റെ ഓടു പൊളിച്ചു 2.80 ലക്ഷം രൂപ കവർന്ന സംഭവത്തിനു തൊട്ടു പിന്നാലെയാണു സമീപ പ്രദേശമായ മരോട്ടിച്ചുവട്ടിലും മോഷ്ടാവ് എത്തിയിരിക്കുന്നത്.ആഴ്ചകൾക്കു മുന്നേ മരോട്ടിച്ചുവടു ഭാഗത്തെ ഒട്ടേറെ വീടുകളിലെ പിച്ചള നെയിം ബോർഡുകൾ മോഷ്ടാക്കൾ കവർന്നിരുന്നു.
കരുമാലൂർ മേഖല കേന്ദ്രീകരിച്ച് അടിക്കടി മോഷണം നടക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. ഭൂരിഭാഗം മോഷണങ്ങളിലും പ്രതികളെ പിടികൂടാൻ ആലങ്ങാട് പോലീസിന് കഴിഞ്ഞിട്ടില്ല. ആലങ്ങാട് പോലീസ് കാര്യക്ഷമമായി പരിശോധന നടത്തണമെന്നാണു ജനങ്ങളുടെ ആവശ്യം.