നല്ല മതവിശ്വാസിക്ക് മാത്രമേ പൂര്‍ണ മതേതരവാദിയാകാനാകൂ: സ്പീക്കര്‍
1515945
Thursday, February 20, 2025 4:26 AM IST
കൊച്ചി: ഒരു നല്ല മതവിശ്വാസിക്ക് മാത്രമേ പൂര്‍ണ മതേതരവാദിയാകാന്‍ കഴിയൂ എന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മുന്‍ സ്പീക്കര്‍ അലക്സാണ്ടര്‍ പറമ്പിത്തറയുടെ 125 ജന്മവാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദര്‍ശശുദ്ധിയുള്ള ജീവിതം നയിച്ച അലക്സാണ്ടര്‍ പറമ്പിത്തറയെ പോലുള്ളവര്‍ പുതുതലമുറയുടെ വിളക്കുമരങ്ങളാണ്. പുതുതലമുറ ഇത്തരം മനുഷ്യരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരസേനാനി പെന്ഷന് വേണ്ടെന്നു പറഞ്ഞു അലക്സാണ്ടര്‍ പറമ്പിത്തറ, അഴിമതിയുടെ അന്തരീക്ഷം വളരുന്ന രാഷ്ട്രീയ മണ്ഡലത്തില്‍ അനുകരണീയ മാതൃകയാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. അലക്സാണ്ടര്‍ പറമ്പിത്തറ ഫൗണ്ടേഷന് ചെയര്മാൻ പ്രഫ. കെ.വി.തോമസ് അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡന് എംപി, ടി.ജെ.വിനോദ് എംഎല്‍എ, ഡൊമിനിക് പ്രസന്റേഷന്, അഡ്വ.വി.എ.ജെറോം, ഡേവിഡ് പറമ്പിത്തറ, ഷൈജു കേളന്തറ എന്നിവര്‍ പ്രസംഗിച്ചു.