ജില്ലയിലെ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം
1515942
Thursday, February 20, 2025 4:24 AM IST
കളമശേരി/കൂത്താട്ടുകുളം: ജില്ലയിൽ കളമശേരിയിലും കൂത്താട്ടുകുളത്തുമായുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു പേർ മർച്ചു. ആലുവ കുഴിവേലിപ്പടി കരിയാമ്പുറത്ത് തേക്കിലക്കാട്ടിൽ വി.എം. മീന (52), വയനാട് മേപ്പാടി സ്വദേശി ഹരിത നിവാസിൽ വിഷ്ണു മോഹൻദാസ് (21) എന്നിവരാണ് മരിച്ചത്.
കളമശേരി എച്ച്എംടി കവലയിലുണ്ടായ വാഹനാപകടത്തിലാണ് സ്കൂട്ടർ യാത്രികയായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥ മീന മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിൽ സീനിയർ സൂപ്രണ്ടായ മീന എച്ച്എംടി കവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുകൂടി ഇടതുവശം ചേർന്ന് പോകുകയായിരുന്നു. ഇവിടെ റോഡിൽ പോലീസ് വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു.
ഇതു കണ്ട് വലതുവശത്തേക്ക് ചെറുതായി നീക്കിയ വാഹനത്തിൽ അതേ ദിശയിലെത്തിയ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി തട്ടുകയായിരുന്നു.
അപകടത്തെ തുടർന്ന് സ്കൂട്ടറിനൊപ്പം മറിഞ്ഞു വീണ മീനയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: സുനിൽകുമാർ ( റിട്ട. സീനിയർ സൂപ്രണ്ട്, ഡിഇഒ ഓഫീസ്) മക്കൾ: ഹരിശങ്കർ, ജയശങ്കർ.
എംസി റോഡിൽ കൂത്താട്ടുകുളം രാമപുരം കവലയിൽ മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിഷ്ണു മോഹൻദാസ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. മൂവാറ്റുപുഴയിൽ എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന വിഷ്ണു, സുഹൃത്തിന്റെ ജൻമദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ വിഷ്ണുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നു. മിനി ഗുഡ്സ് വാനിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ അഗ്നി രക്ഷാസേനയും പോലീസും എത്തി റോഡിൽ നിന്ന് നീക്കം ചെയ്തു.