കുപ്പികളുടെ അടപ്പുകളുപയോഗിച്ച് മന്ത്രിയുടെ ചിത്രമുണ്ടാക്കി പഞ്ചായത്ത് ജീവനക്കാരൻ
1515918
Thursday, February 20, 2025 4:01 AM IST
അങ്കമാലി: തദ്ദേശ ദിനാഘോഷം-2025 നോടനുബന്ധിച്ച് മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലർക്ക് എൻ.സി. ശ്രീകുമാർ പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് മന്ത്രി എം.ബി. രാജേഷിന്റെ ചിത്രത്തിന്റെ ആർട്ട് ഇൻസ്റ്റലേഷൻ തയാറാക്കി അദ്ദേഹത്തിനു സമർപ്പിച്ചു.
മൂക്കന്നൂരിലെ ഹരിത കർമസേന മുഖേന ശേഖരിച്ച 1300 ഓളം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ചാണ് 5 x 3 അടി വലുപ്പമുള്ള രേഖാചിത്രം ഇൻസ്റ്റലേഷൻ ആർട്ട് ആയി ശ്രീകുമാർ തയാറാക്കിയത്. തദ്ദേശ ദിനാഘോഷവേദിയിൽ വകുപ്പ് മന്ത്രിക്ക് അദ്ദഹം ചിത്രം സമർപ്പിച്ചു.
മൂന്നു ദിവസത്തെ കഠിന പരിശ്രമം നടത്തിയാണ് ഈ കലാസൃഷ്ടി തയാറാക്കിയതെന്ന് ശ്രീകുമാർ പറഞ്ഞു. മുൻപും മാലിന്യസംസ്കരണ ബോധവത്കരണത്തിന്റെ ഭാഗമായി 6,000 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് 33 അടി ഉയരമുള്ള ഭീമൻ സാന്താക്ലോസിനെ നിർമിച്ചും മൂക്കന്നൂർ ഗ്രാമപഞ്ചായത്തും ശ്രീകുമാറും വാർത്തകളിൽ ഇടം നേടിയിരുന്നു.