വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് വ്യാപാരികൾ
1515914
Thursday, February 20, 2025 3:49 AM IST
നെടുമ്പാശേരി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അന്യായമായി വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് നെടുമ്പാശേരി മേഖലയിലെ വ്യാപാരികളുടെ കൺവൻഷൻ ആവശ്യപ്പെട്ടു.
വിവിധ ലൈസൻസുകളുടെ മറവിൽ വ്യാപാരികളെ കൊള്ളയടിക്കാനുള്ള സംഘടിത ശ്രമങ്ങളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിന്മാറണം. ഓരോ ദിവസവും പുതിയ നികുതികൾ കൊണ്ടുവന്ന് വ്യാപാരികളെ ദ്രോഹിക്കുന്നത് തുടർന്നാൽ നികുതി നിഷേധ സമരത്തിന് വ്യാപാരികൾ നേതൃത്വം നൽകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുമെന്നും കൺവൻഷൻ മുന്നറിയിപ്പ് നൽകി.
അതോടൊപ്പം വഴിയോര കച്ചവടം നിയന്ത്രിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ യാതൊരു നടപടിയും സ്വീകരിക്കാത്തതിലും യോഗം പ്രതിഷേധിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയോട് വ്യാപാരികൾ സഹകരിക്കും. നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജംഗ്ഷൻ സൗന്ദര്യവൽക്കരണത്തിന് കേരള വ്യാപാരി വ്യവസായി ഏകോപസമിതി പൂർണ പിന്തുണ നൽകും.
നെടുമ്പാശേരിയിൽ സംഘടിപ്പിച്ച കൺവൻഷൻ മർക്കന്റയിൽ കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. കെ.ബി. സജി,ഷാജു സെബാസ്റ്റ്യൻ,എ.വി. രാജഗോപാൽ,ടി.എസ്.മുരളി, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, പി.കെ. അശോക് കുമാർ,പി.പി. ബാബുരാജ്, ബിന്നി തരിയൻ, പി.പി. സുബ്രഹ്മണ്യൻ, കെ.ജെ. ഫ്രാൻസിസ്, ഡേവിസ് മോറേലി എന്നിവർ പ്രസംഗിച്ചു.