കുടിവെള്ള പ്രശ്നം: ജനപ്രതിനിധികൾ റവന്യു അദാലത്ത് ഉപരോധിച്ചു
1515500
Wednesday, February 19, 2025 3:49 AM IST
മൂവാറ്റുപുഴ: രൂക്ഷമായ കുടിവെള്ള പ്രശ്നത്തെതുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ റവന്യൂ അദാലത്തിലേക്ക് ഇരച്ചുകയറി ഉപരോധിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ, ആർഒ, ഇഇ, എഒ, എഇ, എഎക്സി തുടങ്ങിയ ഉദ്യോഗസ്ഥരടങ്ങിയ യോഗത്തിലേക്കാണ് ജനപ്രതിനിധികൾ ഇരച്ചുകയറിയത്. മാറാടി പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായി കുടിവെള്ളം എത്താത്തതിനെതുടർന്നാണ് ജനപ്രതിനിധികൾ സമരവുമായി ജല അഥോറിറ്റിയിൽ എത്തിയത്.
മാറാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ഉന്നക്കുപ്പ, കുന്നുംപുറം, ഇടവനപെട്ട, ചങ്ങാലിമറ്റം, ചാരപ്പുറം, ചൂരമല തണ്ട്, മണിയൻ കല്ല്, മണ്ണത്തൂർ കവല തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത്. തുടർച്ചയായി മൂവാറ്റുപുഴയിൽ നിന്നുള്ള പന്പിംഗ് നടക്കാത്തതും പൈപ്പ് പൊട്ടലും ഈ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം താറുമാറായി. കുടിവെള്ളക്ഷാമത്തെ തുടർന്ന് പൊറുതിമുട്ടിയ ജനത്തിന്റെ വികാരം മനസിലാക്കിയ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ജല അഥോറിറ്റിയിലേക്ക് എത്തുകയായിരുന്നു.
കിടപ്പു രോഗികളും ഗുരുതര രോഗം ബാധിച്ചവരും ഭിന്നശേഷിക്കാരുമായ ആളുകൾ കുടിവെള്ളം ലഭിക്കാത്തതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയെ വിളിച്ച് ബുദ്ധിമുട്ടുകൾ പറഞ്ഞ സാഹചര്യത്തിലാണ് സമരവുമായി ജനപ്രതിനിധികൾ എത്തിയത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധസമരം പിൻവലിച്ചത്.
ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി അഥോറിറ്റിയിൽ എത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, പി.പി. ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, ഷൈനി മുരളി, സരള രാമൻ നായർ, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരൻ, സിജിഷ മോൻ, ബിന്ദു ജോർജ്, ജയസ് ജോണ് തുടങ്ങിയവരാണ് സമരവുമായി രംഗത്തെത്തിയത്.